റാഞ്ചി: ജാര്‍ഖണ്ഡില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ച കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ജാര്‍ഖണ്ഡ് ഹൈക്കോടതി.
വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇത്തരത്തിലുള്ള ഗുരുതര വീഴ്ചയുണ്ടായത്.
ഇരയായ കുട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ഗൗതം കുമാര്‍ ചൗധരി എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
എഫ്.ഐ.ആറിന്റെ ഒരു പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കാനും എതിര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രക്തപരിശോധനയിലും ട്രാന്‍സ്ഫ്യൂഷന്‍ പ്രോട്ടോക്കോളിലുമുണ്ടാകുന്ന പിഴവുകള്‍ നിസാരമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഏഴ് വയസുള്ള തലസീമിയ ജനിതക രോഗം ബാധിച്ച കുട്ടിക്കാണ് ആദ്യം എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുട്ടി 25 യൂണിറ്റ് രക്തം സ്വീകരിച്ചിരുന്നു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
പിന്നാലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഈ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച മറ്റ് നാല് കുട്ടികള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരും തലസീമിയ ജനിതക രോഗ ബാധിതരാണ്.
ചൈബാസ സദര്‍ ആശുപത്രിയിലെ രക്തബാങ്കിലെ മെഡിക്കല്‍ അനാസ്ഥയും വ്യവസ്ഥാപിതമായ പരാജയങ്ങളും സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും കുടുംബങ്ങള്‍ക്ക് വേണ്ടി അഭിഭാഷകന്‍ എം.ഡി.ഷദാബ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ അരികുവത്ക്കരിക്കപ്പെട്ട സമൂഹത്തില്‍പ്പെട്ടവരാണെന്നും അണുബാധ കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല മെഡിക്കല്‍, സമൂഹിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ ഗൗരവം ഇത്രയും വലുതായിട്ടുകൂടിയും ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരായതെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഓരോ കുട്ടിക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തലസീമിയയ്ക്കും എച്ച്.ഐ.വി മാനേജ്‌മെന്റിനും ആവശ്യമായ ആജീവനാന്ത ചികിത്സ കണക്കിലെടുക്കുമ്പോള്‍ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് ഹരജിയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി മേല്‍ നോട്ടത്തിലുള്ള എസ്.ഐ.ടി അന്വേഷണം വേണമെന്ന ഹരജിയും കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിഭാഷകന്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Jharkhand High Court asks for registration of FIR in case of children infected with HIV