| Thursday, 29th May 2025, 8:34 pm

മന്ത്രവാദം സംബന്ധിച്ച പരാതികള്‍ പരിഗണിക്കില്ല; പ്രമേയം പാസാക്കി ജാര്‍ഖണ്ഡിലെ ഗ്രാമപഞ്ചായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മന്ത്രവാദങ്ങള്‍ സംബന്ധിച്ച പരാതികള്‍ നിരസിക്കുന്നതിന് പ്രമേയം പാസാക്കി ജാര്‍ഖണ്ഡിലെ ഗ്രാമപഞ്ചായത്ത്. ജംഷദ്പൂര്‍ ബ്ലോക്കിന് കീഴിലുള്ള സര്‍ജംദ ഗ്രാമത്തിലാണ് സംഭവം.

മന്ത്രവാദ വേട്ടയുമായി (WITCH- HUNTING)ബന്ധപ്പെട്ട ഒരു കേസും കേള്‍ക്കരുതെന്ന് കാണിച്ചാണ് പ്രമേയം പാസിക്കിയതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകളെയും മുതിര്‍ന്നവരെയുമടക്കം മന്ത്രവാദിനികളെന്ന് മുദ്രകുത്തി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പരാതികള്‍ നിരസിക്കുന്ന വിധത്തിലേക്കുള്ള പ്രമേയം പാസാക്കാന്‍ കാരണമെന്നാണ് ഗ്രാമത്തിലെ ഗ്രാമ പ്രധാന്‍ മാഞ്ചി ബാബയെന്ന സുരേഷ് ഹന്‍സ്ദ പറയുന്നത്.

മന്ത്രവാദം സംബന്ധിച്ച പ്രമേയത്തിന് പുറമെ പരമ്പരാഗത സ്വയംഭരണ സംവിധാനത്തിന്റെ നിയമങ്ങളും പ്രസ്തുത പഞ്ചായത്തില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ഒരുസ്ത്രിയോ മറ്റാരെങ്കിലുമോ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗ്രാമസഭയെ സമീപിച്ചാല്‍ ആ പരാതി പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചായത്തിലെ ഭേദഗതി പ്രകാരം മന്ത്രവാദിനി അഥവാ മന്ത്രവാദം എന്നിങ്ങനെയൊന്നുമില്ലെന്നും പറയുന്നുണ്ട്. മന്ത്രവാദമെന്നത് അന്ധവിശ്വാസമാണെന്ന് വ്യക്തികളോട് പറയുമെന്നും ഗ്രാമപ്രധാന്‍ പറയുന്നു.

മന്ത്രവാദം സംബന്ധിച്ചുള്ള പരാമര്‍ശങ്ങളുണ്ടായാല്‍ അവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം നേരത്തെയും ഇത്തരത്തില്‍ പ്രമേയം പഞ്ചായത്തില്‍ പാസാക്കിയിട്ടുണ്ടെന്നാണ് വിവരം.

ഇന്നത്തെ സമൂഹം സാക്ഷരരായെന്നും അതിനാല്‍ സമൂഹത്തില്‍ അന്ധവിശ്വാസത്തിന് ഇടമുണ്ടാവരുതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രമേയം രേഖാമൂലം പാസാക്കി, ഔദ്യോഗിക രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഗ്രാമപ്രധാന്‍ പറഞ്ഞു.

Content Highlight: Jharkhand gram panchayat passes resolution not to entertain complaints about witchcraft

We use cookies to give you the best possible experience. Learn more