റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ.പി.എസ്.സി), ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ജെ.എസ്.എസ്.സി) എന്നിവയുടെ പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും റാഞ്ചിയിലെ സംസ്ഥാന നിയമസഭയിലേക്ക് വിധാന് സഭ ഘൊരാവോ മാര്‍ച്ചിനൊരുങ്ങുന്നു.
വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
നിയമസഭാ മന്ദിരത്തിന് ചുറ്റുമുള്ള 750 മീറ്റര്‍ ചുറ്റളവില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 163 പ്രകാരം ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
കൂടാതെ, പ്രതിഷേധം കണക്കിലെടുത്ത് ജഗന്നാഥ് ക്ഷേത്രത്തിന് സമീപമുള്ള വഴിയിലുടനീളം പ്രവേശനം തടയുന്നതിനായി മൂര്‍ച്ചയുള്ള മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.
സര്‍ക്കാരുമായി മൂന്ന് ഘട്ട ചര്‍ച്ചകള്‍ നടന്നിട്ടും തങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ നിയമസഭ വളയാന്‍ തീരുമാനിച്ചത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണം ഉയര്‍ന്ന ജെ.എസ്.എസ്.സി-സി.ജി.എല്‍ – പി.ജി.ടി, എക്‌സൈസ് പരീക്ഷകളും ടി.ഡി.പി.ഐ ഏജന്‍സി നടത്തിയ മുഴുവന്‍ പരീക്ഷകളും റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ഇതിനുപുറമെ, ജെ.എസ്.എസ്.സി-സി.ജി.എല്‍ ഉള്‍പ്പെടെയുള്ള വിവാദ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.
സുതാര്യമായ നവീകരണ മാതൃക, കൃത്യമായ റിക്രൂട്ട്‌മെന്റ് കലണ്ടര്‍, ഒ.എം.ആര്‍ ഷീറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കല്‍, കാറ്റഗറി തിരിച്ചുള്ള കട്ട്ഓഫ് മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് പരിഷ്‌കരണങ്ങളും പ്രക്ഷോഭകര്‍ മുന്നോട്ടുവെക്കുന്നു.
പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പരീക്ഷകള്‍ റദ്ദാക്കുന്നതിലും സി.ബി.ഐ അന്വേഷണത്തിലും തീരുമാനമെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് വിദ്യാര്‍ഥി നേതാവായ രവീന്ദ്ര പസ്വാന്‍ വ്യക്തമാക്കി.
സമരം പൂര്‍ണമായും സമാധാനപരവും ഭരണഘടനാപരവുമായിരിക്കുമെന്നും, പ്രതിഷേധത്തിനിടയില്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരെ വിദ്യാര്‍ഥികള്‍ തന്നെ പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്തതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ റാഞ്ചിയിലേക്ക് എത്തുന്നുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സഞ്ജയ് മേഹ്ത പറഞ്ഞു.
എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു എന്ന തരത്തില്‍ ഭരണകൂടം നടത്തുന്ന പ്രചാരണം വ്യാജമാണെന്നും അക്രമരഹിതമായ ഗാന്ധിയന്‍ മാര്‍ഗത്തിലായിരിക്കും പ്രക്ഷോഭം മുന്നോട്ട് പോകുകയെന്നും മറ്റൊരു വിദ്യാര്‍ഥി നേതാവായ പീയൂഷ് കുമാറും വ്യക്തമാക്കി.
ജൂലൈ അഞ്ചിന് പ്രഖ്യാപിച്ച 14ാമത് ജെ.പി.സെ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലത്തിന് പിന്നാലെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തുടര്‍ന്ന് റാഞ്ചിയിലെ ജയ്പാല്‍ സിങ് മുണ്ട സ്‌റ്റേഡിയം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല ധര്‍ണയും പ്രക്ഷോഭങ്ങളും നടത്തി വരികയായിരുന്നു.
സംഭവത്തില്‍ സി.ഐ.ഡി, ഇ.ഡി അന്വേഷണങ്ങള്‍ നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും, സി.ബി.ഐ അന്വേഷണത്തിലും പരീക്ഷകള്‍ റദ്ദാക്കുന്നതിലും കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍.
Content Highlight: Jharkhand Exam Irregularities: Students’ March to the Assembly in Ranchi; Heavy Security and Prohibitory Orders Imposed.