| Wednesday, 19th August 2026, 12:54 pm

ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്; റദ്ദാക്കിയ 44 പരീക്ഷകളുടെ പട്ടിക പുറത്ത് വിട്ട് സര്‍ക്കാര്‍

അഞ്ജു ചന്ദ്രന്‍

റാഞ്ചി: ക്രമക്കേടുകള്‍ കാരണം റദ്ദാക്കിയ 44 റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പട്ടിക പുറത്തിറക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ( ജെ.പി.എസ്.സി), ഔട്ട്‌സോഴ്‌സ് ചെയ്ത ഏജന്‍സിയായ ടി.എസ്.ആര്‍ ഡാറ്റാ പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ടി.ഡി.പി.എല്‍) എന്നിവ 2014 മുതല്‍ നടത്തിയ പരീക്ഷകളും റദ്ദാക്കിയതായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച രാത്രി പട്ടിക പ്രസിദ്ധീകരിച്ചത്.

ഡ്രഗ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡെപ്യൂട്ടി കളക്ടര്‍, ഡെന്റല്‍ ഡോക്ടര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, സിവില്‍ ജഡ്ജി, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകളാണ് പട്ടികയിലുള്ളത്.

സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ ലക്ചറര്‍മാര്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുന്നു.

നിയമന സംവിധാനത്തില്‍ പരിഷ്‌കാരം നിര്‍ദേശിക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കൗശലിന്റെ നേതൃത്വത്തില്‍ പുതിയൊരു സമിതി രൂപീകരിച്ചു. രണ്ട് മാസത്തിനകം സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസുകള്‍ വേഗത്തില്‍ പരിഗണിക്കുന്നതിനായി ഹൈക്കോടതിയോട് ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാന്‍ ആവശ്യപ്പെടാനും, ജെ.പി.എസ്.സി, ജെ.എസ്.എസ്.സിയില്‍ ആഭ്യന്തര വിജിലന്‍സ് സെല്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ജെ.എസ്.എസ്.സി-കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയും ഔട്ട്സോഴ്സ് ചെയ്ത ഏജന്‍സിയായ ടി.ഡി.പി.എല്‍ നടത്തുന്ന എല്ലാ പരീക്ഷകളും അത് പ്രസിദ്ധീകരിച്ച ഫലങ്ങളും റദ്ദാക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മത്സര പരീക്ഷകളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജൂലൈ 25ന് ജാര്‍ഖണ്ഡില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ജൂലൈ 29 മുതല്‍ റാഞ്ചിയിലെ ജയ്പാല്‍ സിംങ് മുണ്ട സ്റ്റേഡിയത്തില്‍ പ്രതിഷേധക്കാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

ആല്‍ബര്‍ട്ട് എക്ക ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കര്‍ സംസ്ഥാനത്തെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെതിരെ ‘ജെ.പി.എസ്സില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുക’, ‘വിദ്യാര്‍ത്ഥി ഐക്യം നീണാള്‍ വാഴട്ടെ’, ‘ഹേമന്ത് സോറന് നാണക്കേട്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

Content Highlights: Jharkhand exam irregularities: Government releases list of 44 cancelled exams.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more