എ.ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ മോഹിത് ചൗഹാന്‍ ആലപിച്ച പെദ്ദിയിലെ പുതിയ ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ റെക്കോഡ് കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. റാം ചരണിന്റെ ചടുലമായ ചുവടുകളും പാട്ടിനെ കൂടുതല്‍ മനോഹരമാക്കി. എന്നാല്‍ ചിത്രത്തിലെ നായികയായ ജാന്‍വി കപൂറിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ജാന്‍വി കപൂറിന്റെ ശരീര പ്രദര്‍ശനം മാത്രമാണ് കാണിക്കുന്നത്. സാരിത്തലപ്പ് മാറ്റിയുള്ള നേവല്‍ ഷോയും ലെഹങ്ക അഡ്ജസ്റ്റ് ചെയ്തും ജാക്കറ്റില്‍ കൂളിങ് ഗ്ലാസ് തൂക്കിയിട്ടുമാണ് ജാന്‍വി പെദ്ദിയിലെ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാണ് പലരുടെയും വിമര്‍ശനത്തിന് വിധേയമായത്.
താരം മുമ്പ് ഭാഗമായ തെലുങ്ക് ചിത്രം ദേവര, ബോളിവുഡ് ചിത്രം പരം സുന്ദരി എന്നിവക്ക് പിന്നാലെ പെദ്ദിയിലും ജാന്‍വി കപൂറിന്റെ ശരീര പ്രദര്‍ശനം മാത്രമാണുള്ളത് എന്നാണ് പ്രധാന വിമര്‍ശനം. അഭിനയിക്കാന്‍ അറിയാത്തതിനാല്‍ നേവല്‍ ഷോയും ഗ്ലാമര്‍ എക്‌സ്‌പോസിങ്ങുമായി ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് കൂടുതല്‍ ട്രോളുകളും.
നായികയെ ഒബ്ജക്ടിഫൈ ചെയ്യുന്ന സൗത്ത് ഇന്ത്യന്‍ സിനിമകളെയും വിമര്‍ശിക്കുന്നുണ്ട്. സിനിമയിലേക്ക് ആളുകളെ ആകര്‍ഷിക്കാനായിട്ടാണോ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്ന് പലരും ചോദിക്കുന്നു. പുഷ്പ, രംഗസ്ഥലം, ദേവര തുടങ്ങിയ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കുടുംബവുമായി സിനിമ കാണുമ്പോള്‍ ഇത്തരം രംഗങ്ങള്‍ എങ്ങനെ കണ്ടുതീര്‍ക്കുമെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ആരും ഇങ്ങനെ നടക്കാറില്ലെന്നും സിനിമകളില്‍ മാത്രമേ ഇങ്ങനെ കാണാനാകുള്ളൂവെന്നും പലരും അഭിപ്രായം പങ്കുവെച്ചു. 2025 ആയിട്ടും ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നത് നിര്‍ത്താനായില്ലേ എന്നും ചോദിക്കുന്നവരുണ്ട്.
എന്നാല്‍ ഗാനരംഗങ്ങള്‍ക്ക് മാത്രമേ വിമര്‍ശനമുള്ളൂ. എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട് പാട്ട് ഗംഭീരമാണെന്ന് ഒരുപാട് പേര്‍ അഭിപ്രായപ്പെട്ടു. ഏറെക്കാലത്തിന് ശേഷം തെലുങ്ക് ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചെത്തിയ എ.ആര്‍ റഹ്‌മാന്‍ മികച്ച ഗാനം തന്നെയാണ് ഒരുക്കിയതെന്നാണ് കമന്റുകള്‍. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി 2026 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.
Content Highlight: Jhanvi Kapoor’s exposing scenes in Peddi movie getting criticisms