| Sunday, 8th November 2026, 5:00 pm

സായ് പല്ലവിയെ തമിഴ് നടിയായി മാത്രം കാണാനാകില്ല, അപാര ടാലന്റാണ് അവര്‍ക്ക്: ജാന്‍വി കപൂര്‍

അമര്‍നാഥ് എം.

ബോളിവുഡിലെ താരസന്തതികളില്‍ പ്രധാനിയാണ് ജാന്‍വി കപൂര്‍. ശ്രീദേവിയുടെ മകളെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ജാന്‍വി ബോളിവുഡിലെ വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായിട്ടുണ്ട്. ദേവരയിലൂടെ തെലുങ്കില്‍ അരങ്ങേറിയ താരം റാം ചരണിന്റൈ നായികയായി പെദ്ദിയിലും വേഷമിട്ടു. പരം സുന്ദരിയിലെ വേഷം വലിയ ട്രോളുകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെറുപ്പം മുതല്‍ കാണാറുണ്ടെന്ന് പറയുകയാണ് ജാന്‍വി. തന്റെ അച്ഛന്‍ ബോണി കപൂര്‍ ബോളിവുഡിലൊരുക്കിയ സിനിമകളില്‍ പലതും സൗത്ത് ഇന്ത്യന്‍ സിനിമകളുടെ റീമേക്കായിരുന്നെന്നും അതെല്ലാം താന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ടായിരുന്നെന്നും ജാന്‍വി പറഞ്ഞു. ബോളിവുഡില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായ സിനിമാ മേക്കിങ്ങാണ് തമിഴിലും തെലുങ്കിലുമെന്ന് താരം പറയുന്നു.

തെലുങ്കില്‍ താന്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും തമിഴില്‍ നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തമിഴില്‍ പ്രത്യേകിച്ച് ഒരു നടനൊപ്പം മാത്രം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹമില്ലെന്നും എല്ലാവരുമായും പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ജാന്‍വി പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു താരം.

‘സ്റ്റാര്‍സിനെക്കാള്‍ തമിഴിലെ ചില പ്രത്യേക സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. അതില്‍ എന്റെ ഏറ്റവും ഫേവറെറ്റ് വെട്രിമാരന്‍ സാറാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു സിനിമയിലെങ്കിലും വര്‍ക്ക് ചെയ്യണമെന്നുണ്ട്. നടിമാരില്‍ തമിഴിലെ എന്റെ ഫേവറെറ്റ് സായ് പല്ലവിയാണ്.

അവരെ തമിഴ് ആര്‍ട്ടിസ്റ്റായി കാണാന്‍ എനിക്ക് സാധിക്കില്ല. എല്ലാ ഭാഷയിലും മികച്ച സിനിമകളുടെ ഭാഗമായ താരമാണ് സായ് പല്ലവി. അപാര ടാലന്റുള്ള ആര്‍ട്ടിസ്റ്റാണ് അവര്‍. സായ് പല്ലവി നായികയായ അമരന്‍ കണ്ടു. എന്തൊരു പെര്‍ഫോമന്‍സാണ് സായ്‌യും ശിവകാര്‍ത്തികേയനും കാഴ്ചവെച്ചത്. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി,’ ജാന്‍വി കപൂര്‍ പറയുന്നു.

സമീപകാലത്ത് കണ്ടതില്‍ ഇഷ്ടപ്പെട്ട തമിഴ് ചിത്രം ബ്ലാസ്റ്റാണെന്നും താരം പറഞ്ഞു. പ്രീതി മുകുന്ദന്റെ ആക്ഷന്‍ സീനുകള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും യാതൊരു പ്രതീക്ഷയുമില്ലാതെ കണ്ട് ഇഷ്ടപ്പെട്ട ചിത്രമാണ് അതെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ എന്നെങ്കിലും തമിഴ് സിനിമയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

Content Highlight: Jhanvi Kapoor praises Sai Pallavi’s performance

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more