പാരിസ്: അമേരിക്കയില്‍ നിന്ന് ഫ്രാന്‍സ് വഴി ഇസ്രഈലിലേക്ക് യുദ്ധ വിമാന ഭാഗങ്ങളും സൈനിക ഉപകരണങ്ങളും എത്തിച്ച് ഗസ വംശഹത്യയ്ക്ക് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി ഫെഡെക്‌സ് കമ്പനിക്കെതിരെ പരാതിയുമായി ഫ്രഞ്ച് ജൂത സംഘടന.
ഗസയിലെ ബോംബിങ്ങിന് വ്യോമ സേന ഉപയോഗിച്ച എഫ്-35 വിമാനങ്ങള്‍ പരിപാലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിലെ ഫലസ്തീന്‍ അനുകൂല സംഘമായ ഫ്രഞ്ച് ജ്യൂയിഷ് യൂണിയന്‍ ഫോര്‍ പീസ് (യു.ജെ.എഫ്.പി) പരാതി നല്‍കിയത്. ‘യുദ്ധക്കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തം, വംശഹത്യയില്‍ പങ്കാളിത്വം’ എന്നിവ ചോദ്യം ചെയ്താണ് പരാതി.
നാഷണല്‍ ആന്റി-ടെററിസം പ്രോസിക്യൂട്ടര്‍ ഓഫീസിലാണ് സംഘടന പരാതി സമര്‍പ്പിച്ചത്. എന്നാല്‍ ഫെഡെക്‌സ് ഫ്രാന്‍സ് ആരോപണങ്ങള്‍ നിഷേധിച്ചു.
‘ഞങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ആയുധങ്ങളോ വെടിക്കോപ്പുകളോ വിതരണം ചെയ്യുന്നില്ല,’ ഫെഡെക്‌സ് ഫ്രാന്‍സ് എ.എഫ്.പിയോട് പറഞ്ഞു.
2025 ഏപ്രില്‍ തുടക്കത്തിനും ഒക്ടോബര്‍ അവസാനത്തിനും ഇടയില്‍ യു.എസില്‍ നിന്ന് ഇസ്രഈലിലേക്ക് 117 ഷിപ്പ്‌മെന്റുകള്‍ അയച്ചെന്നും റോയിസി-ചാള്‍സ്-ഡി-ഗൗള്‍ വിമാനത്താവളത്തിലെത്തിച്ച സാധനങ്ങളെല്ലാം കൈകാര്യം ചെയ്തത് ‘ഫെഡെക്‌സ് എക്‌സ്പസ് എഫ്.ആര്‍’ എന്ന കമ്പനിയാണെന്നും സംഘടന പറഞ്ഞു.
ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഫെഡെക്‌സ് വിമാനങ്ങള്‍ വഴി 22 ഷിപ്പ്‌മെന്റുകള്‍ പാരീസില്‍ നിന്ന് നേരിട്ട് ഇസ്രഈലിലേക്ക് കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. ഫെഡ്എക്‌സിന് ‘ഷിപ്പ്മെന്റുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പീപ്പിള്‍സ് എംബാര്‍ഗോ ഫോര്‍ ഫലസ്തീന്‍, ഉര്‍ജന്‍സ് ഫലസ്തീന്‍ എന്നിങ്ങനെ നിരവധി ഫലസ്തീന്‍ അനുകൂല സംഘടനകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി.
2023 ഒക്ടോബര്‍ മുതല്‍ ഗസ മുനമ്പില്‍ ഇസ്രഈലിന്റെ യുദ്ധത്തെ ഫ്രാന്‍സ് വലിയതോതില്‍ പിന്തുണച്ചിട്ടുണ്ട് . ഇതുവരെ 72,500ലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഭൂരിഭാഗം പ്രദേശവും തകര്‍ന്നു, നിരവധി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സംഘടനകളും ഇതിനെ വംശഹത്യയായി സ്തീകരിച്ചു.
Content Highlight: Jewish organization from France files complaint against FedEx for aiding Israel in Gaza genocide