| Wednesday, 15th October 2025, 10:39 am

ബലാത്സംഗ ഭീഷണി മുഴക്കി; ഇസ്രഈൽ സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഫ്രീഡം ഫ്ളോട്ടില്ലയിലെ ജൂത മാധ്യമപ്രവർത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഗസയിലേക്ക് മാനുഷിക സഹായമെത്തിച്ചിരുന്ന ഫ്രീഡം ഫ്ളോട്ടില്ല കപ്പലുകളെ ഇസ്രഈൽ സൈന്യം പിടിച്ചെടുത്തതിന് ശേഷം സൈനികരിൽ നിന്നും ബലാത്സംഗ ഭീഷണികളും അങ്ങേയറ്റം ക്രൂരതകളും അനുഭവിക്കേണ്ടി വന്നെന്ന് ഫോട്ടോ ജേണലിസ്റ്റായ നോവ അവിഷാഗ് ഷ്‌നാൽ.

ഫ്രീഡം ഫ്ളോട്ടില്ല കപ്പലിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്ന ജൂത മാധ്യമപ്രവർത്തകയാണ് നോവ.

ഇസ്രഈൽ തടങ്കലിൽ നിന്നും മോചിതയായതിന് ശേഷം കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെയായിരുന്നു തന്റെ ദാരുണമായ അനുഭവം അവർ പങ്കുവെച്ചത്. ബലാത്സംഗ ഭീഷണികളോടെയാണ് തങ്ങളുടെ സെൽ ഉണർന്നിരുന്നതെന്ന് നോവ പറഞ്ഞു.

‘ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് ഞങ്ങളുടെ ബോട്ട് ആക്രമിക്കപ്പെടുന്നത്. പിടിച്ചെടുത്ത ഉടൻ തന്നെ അവർ ക്രൂരതകൾ ചെയ്യാൻ തുടങ്ങി.

വിവിധ പരിശോധനകൾ നടത്തി. തങ്ങളുടെ വേദന കണ്ട് ഓരോ ഗാർഡുകളും സന്തോഷിക്കുന്നുണ്ടായിരുന്നു. ശാരീരികമായി പീഡിപ്പിച്ചതായി കുറഞ്ഞത് ഒരു സ്ത്രീയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടാവും,’ നോവ ഡ്രോപ്പ് സൈറ്റ് ന്യൂസിനോട് പറഞ്ഞു.

ബാഗ് പരിശോധനയ്ക്കിടെ ഗാർഡുകൾ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചെന്ന് പല അംഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളുടെ എല്ലാവരുടെയും കൈകൾ നിലത്തേക്ക് ശക്തമായി തള്ളി
പുരുഷന്മാരെയും സ്ത്രീകളെയും ഗ്രൂപ്പുകളായി തരംതിരിച്ചെന്നും തുടർന്ന് കണ്ണുകൾ മൂടിക്കെട്ടിയെന്നും അവർ പറഞ്ഞു.

ലോഹ ചങ്ങലകളിൽ തൂക്കിയിട്ട് ഒരു കൂട്ടം പുരുഷ-വനിതാ ഗാർഡുകൾ തന്നെ വയറ്റിലും, പുറത്തും, മുഖത്തും, ചെവിയിലും, തലയോട്ടിയിലും അടിച്ചെന്നും തന്റെ കഴുത്തിലും മുഖത്തും ഇരുന്ന് ശ്വാസം മുട്ടിച്ചെന്നും നോവ പറഞ്ഞു.

താൻ ഉൾപ്പെടെയുള്ള 150 ഫ്ലോട്ടില്ല അംഗങ്ങളിൽ പലരെയും ഇസ്രഈൽ സൈന്യം തടവറയിലുടനീളം അങ്ങേയറ്റം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

ഇത് പറയുമ്പോൾ തങ്ങളുടെ വ്യക്തിത്വം പരസ്യമാക്കാൻ പലരും ആഗ്രഹിക്കില്ല. ഗാർഡുകൾ നായ്ക്കളെയും തോക്കുകളും ഉപയോഗിച്ച് പുരുഷന്മാരെ പീഡിപ്പിച്ചിരുന്നെന്നും സ്ത്രീകളെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.

ഒക്ടോബർ 8ന് ഗസയിലെ ആശുപത്രികളിലേക്കുള്ള മരുന്നുകൾ, ശ്വസന ഉപകരണങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുമായി പോയ ഫ്രീഡം ഫ്ളോട്ടില്ല കപ്പലുകളെ ഇസ്രഈൽ സൈന്യം ആക്രമിക്കുകയായിരുന്നു.

ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനായി ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ല എന്ന സഹായ സംഘത്തിലെ 40 ഓളം കപ്പലുകൾ ഇസ്രഈൽ ആക്രമിച്ച് 450 ലധികം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: Jewish journalist on Freedom Flotilla exposes Israeli military brutality

We use cookies to give you the best possible experience. Learn more