ടെലിവിഷൻ അവതാരകയും സിനിമ അഭിനേത്രിയുമാണ് ജുവൽ മേരി. മമ്മൂട്ടിയുടെ കൂടെ പത്തേമാരി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ജുവൽ സിനിമയിലേക്ക് വന്നത്. ഇപ്പോൾ തന്റെ ഡിവോഴ്സിനെക്കുറിച്ച് സംസാരിക്കുകയാണ് ജുവൽ മേരി.
‘ഞാൻ ഡിവോഴ്‌സിന് വേണ്ടി ശ്രമിക്കുന്നത് പരമാവധി ആളുകളിൽ നിന്നും മറച്ചുപിടിച്ചു. അതൊരു നല്ല നീക്കമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങൾ ഒഴിവായിക്കിട്ടി. ഞാനിതൊന്നും ആരെയും അറിയിച്ചിട്ടില്ല. എല്ലാം മറച്ചുപിടിക്കുന്നതിൽ എനിക്ക് കഴിവുണ്ട്.
അത് ധൈര്യമാണോ അതൊ വീക്ക്‌നെസ് ആണോ എന്നുചോദിച്ചാൽ എനിക്ക് അറിയില്ല. ഒളിപ്പിച്ച് ശീലം വന്നു. അപ്പോൾ ഞാനിക്കാര്യം ആരോടും പറഞ്ഞിട്ടില്ല. പല കൗൺസിലമാരുടെയും അടുത്ത് പോകുമ്പോൾ നമ്മൾ ഒറ്റപ്പെട്ട് ഇരിക്കേണ്ടി വരും. ഇവർ ചോദിക്കുന്ന ചോദ്യം വളരെ മോശമായിരിക്കും. വേർബൽ റേപ്പ് എന്നൊക്കെ പറയാം. അങ്ങനത്തെ ചോദ്യങ്ങളൊക്കെ ചോദിക്കും.
എന്നോട് ഒരു ചോദ്യം ചോദിച്ചു. അത് ആവശ്യമില്ലാത്ത ചോദ്യം ആയിരുന്നു. അത്രയും ഫേയ്മസ് ആയ മുഖം അറിയാവുന്ന എന്നോട് ഇങ്ങനത്തെ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒരു തരത്തിലുള്ള ഹരാസ്‌മെന്റായിരുന്നു അത്,’ ജുവൽ മേരി പറഞ്ഞു.
ഒരു പുരുഷനായിരുന്നു തന്റെ മുന്നിലിരിക്കുന്നതെന്നും അയാളുടെ അടുത്ത് താൻ എന്തിനാണ് ഇത്തരം ചോദ്യങ്ങൾ എന്തിനാണെന്ന് ചോദിച്ചെന്നും ജുവൽ മേരി കൂട്ടിച്ചേർത്തു.
അത്തരം ചോദ്യങ്ങൾ വേണ്ട എന്നുപറയാനുള്ള ആർജവം എത്രപേർക്കുണ്ടാകുമെന്നും അവിടെ നിന്നിറങ്ങിയപ്പോൾ തനിക്ക് വല്ലാതെ ബുദ്ധിമുട്ടായെന്നും ജുവൽ മേരി പറഞ്ഞു.
തനിക്ക് ‘കല്ല് കെട്ടിത്തൂക്കിയതുപോലെ’ തോന്നിയെന്നും ഇതുപോലെ എത്രപേര് അനുഭവിക്കുന്നുണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.
എവിടെയാണ് നോ എന്ന് പറയേണ്ടത് എന്നും എവിടെ നിർത്തണമെന്നുള്ളതും ആരാണ് നമ്മളെ പഠിപ്പിച്ചതെന്നും ജുവൽ കൂട്ടിച്ചേർത്തു. ധന്യ വർമയോട് സംസാരിക്കുകയായിരുന്നു ജുവൽ മേരി.
Content Highlight: Jewel Mary talking about her Divorce