തന്നെ സംബന്ധിച്ച് എല്ലാ നല്ല മനുഷ്യരും ഫെമിനിസ്റ്റ് ആണെന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. പിങ്ക് പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജുവല്‍.
‘ഫെമിനിസ്റ്റ് അല്ലെന്ന് ഒരാള്‍ പറയുന്നുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ എന്താണെന്ന് നമ്മള്‍ തിരിച്ച് ചോദിക്കണം. അങ്ങനെ അല്ലെന്ന് ഒരാള്‍ തിരിച്ച് പറയുമ്പോള്‍ പിന്നെ എന്താണ് നിങ്ങളുടെ ആശയം എന്ന് തിരിച്ച് ചോദിക്കണം.
ജുവല്‍ മേരി Photo: jewel Mary/ Facebook.com
പാട്രിയാര്‍ക്കിയാണോ നിങ്ങള്‍ പിന്തുണക്കുന്നതെന്ന് ചോദിച്ചാല്‍ അത് എന്താണെന്ന് അവര്‍ക്കറിയില്ല. പാട്രിയാര്‍ക്കി മൂലമുള്ള ചൂഷ്ണങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല. അതില്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുണ്ട്. യുവാക്കളും പക്ഷിമൃഗങ്ങളും പ്രകൃതിയും എല്ലാവരും തന്നെ പാട്രിയാര്‍ക്കിയുടെ ചൂഷണം അനുഭവിക്കുന്നുണ്ടെന്നും ജുവല്‍ പറഞ്ഞു.
പാട്രിയാര്‍ക്കിക്ക് നേരേ താന്‍ ശബ്ദമുയര്‍ത്തുമെന്നും അതാണ് ഫെമിനിസമെന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ഫെമിനിസമെന്നും ഫെമിനിസം എന്നത് ഒരു പ്രൊട്ടക്റ്റീവ് അംബ്രല്ലയാണെന്നും ജുവല്‍ പറഞ്ഞു.
താന്‍ വീട്ടിലെ മുതിര്‍ന്ന കുട്ടിയായിരുന്നത് കൊണ്ട് തന്നെ ചെറുപ്പം മുതലേ വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജീവിതത്തില്‍ പല മോശം അവസ്ഥയിലൂടെയും താന്‍ കടന്നു പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അവിടെയെല്ലാം താന്‍ തളരാതെ പിടിച്ച് നിന്നിട്ടുണ്ടെന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു.
ടെലിവിഷന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ ജുവല്‍ മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. പിന്നീട് നളിനി, ഉട്ടോപ്യയിലെ രാജാവ്, ഞാന്‍ മേരിക്കുട്ടി, ഒരേ മുഖം ആന്റണി തുടങ്ങിയ സിനിമകളുടെ ഭാഗമായി.
Content Highlight: Jewel Mary says that for her, all good people are feminists