| Friday, 3rd February 2012, 12:13 am

പാര്‍ട്ടി സമ്മേളനത്തില്‍ ക്രൂശിത രൂപം; സി.പി.ഐ.എമ്മിനെതിരെ സഭാ നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളന നഗരിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ സഭാ നേതൃത്വം രംഗത്ത്. സ്വന്തം ആചാര്യന്‍മാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ചിത്രം സി.പി.ഐ.എം ഉപയോഗിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ആരോപിച്ചു.

സംസ്ഥാന സമ്മേളന ഭാഗമായിപുത്തരിക്കണ്ടം മൈതാനിയില്‍ “മാര്‍ക്‌സാണു ശരി എന്ന പേരില്‍ നടക്കുന്ന ചരിത്ര-ചിത്ര പ്രദര്‍ശനത്തിലാണ് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെയും സ്ഥാപിച്ചത്. വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശബ്ദിക്കുകയും ഒടുവില്‍ ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിനെയാണ് സി.പി.ഐ.എം അവതരിപ്പിക്കുന്നത്.

എന്നാല്‍ സി.പി.ഐ.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് ജനങ്ങളിലേക്ക് എത്താനാവില്ല. നിലവിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് സി.പി.ഐ.എം നടത്തുന്നത്. ഇത് വര്‍ഗസമരത്തില്‍ നിന്നും ഭൗതികവാദത്തില്‍ നിന്നുമുള്ള തിരിച്ചുപോക്കാണെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

ലോക കമ്മ്യൂണിസത്തിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ പട്ടികയിലാണ് യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്; “ജനനം ബിസി ഏഴിനും രണ്ടിനും ഇടയില്‍. യൂദയായിലെ ബത്‌ലഹേമില്‍ ആശാരിപ്പണിക്കാരനായ ഔസേപ്പും മറിയയും മാതാപിതാക്കള്‍. 30-ാം വയസ്സില്‍ സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചു. യഹൂദരെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായി. യേശുവിന്റെ പ്രചാരണവും ഉദ്‌ബോധനങ്ങളും അക്കാലത്തെ മതനേതൃത്വത്തിനു രസിച്ചില്ല. ജറുസലമിലെ ജനതയെ ആധുനിക ജീവിതരീതി പരിശീലിപ്പിച്ചു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തു. മതനേതൃത്വത്തിന്റെ പിന്തുണയോടെ റോമാ ഭരണകൂടം എഡി 26-36 ല്‍ കുരിശിലേറ്റി കൊലപ്പെടുത്തി.

നേരത്തെ സി.പി.ഐ.എമ്മിന്റെ ചില ജില്ലാ സമ്മേളനങ്ങളില്‍ യേശുവിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. യേശുവിനെ കൂടാതെ ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ഏബ്രഹാം ലിങ്കണ്‍, മുന്‍ ചിലിയന്‍ പ്രസിഡന്റ് സാല്‍വേദര്‍ അലന്‍ഡെ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെഗുവേരയുടെ ചിത്രമാണ് ഏറ്റവും അവസാനമായി കൊടുത്തിരിക്കുന്നത്.

ക്രിസ്തുമതം എന്നാല്‍ കമ്യൂണിസമാണെന്നും യേശു ക്രിസ്തു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം എം.വി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതില്‍ ആദ്യകാലത്തു മതങ്ങള്‍ക്ക് ഏറെ പങ്കുണ്ടായിരുന്നു. കമ്യൂണിസം സ്വീകരിച്ച നിലപാടു തന്നെയായിരുന്നു ആദ്യകാലത്തു ക്രിസ്തുമതവും സ്വീകരിച്ചതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more