ജെറുസലേം: അല്‍ അഖ്‌സ മസ്ജിദില്‍ ജോര്‍ദാനുള്ള ചരിത്രപരമായ സംരക്ഷണാവകാശം എടുത്തുകളയാനുള്ള ഏതൊരു നീക്കത്തിനും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഫലസ്തീന്‍ അതോറിറ്റി. ഹഷെമിയ കരാര്‍ പ്രകാരം അല്‍ അഖ്‌സ മസ്ജിദില്‍ ജോര്‍ദാനുള്ള സംരക്ഷണാവകാശം എടുത്തുകളയാന്‍ യു.എസും ഇസ്രഈലും ശ്രമിക്കുന്നതായി മിഡില്‍ ഈസ്റ്റ് ഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫലസ്തീനിയന്‍ അതോറിറ്റിയുടെ പ്രതികരണം.
ജോര്‍ദാന്‍ പിന്തുണയുള്ള ഇസ്‌ലാമിക് വഖഫിന് 102 വര്‍ഷമായി അല്‍ അഖ്‌സ മസ്ജിദ് സമുച്ഛയത്തിലുള്ള അധികാരം ഇല്ലാതാക്കുന്നതിന് യു.എസും ഇസ്രഈലും പുതിയ വഴികള്‍ തേടുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജറുസലേമിലെ മുസ്‌ലിം, ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രങ്ങളുടെ സംരക്ഷണാവകാശം ജോര്‍ദാന് നല്‍കുന്നതാണ് ഹഷെമിയ കരാര്‍. മസ്ജിദ് സമുച്ഛയത്തിലെ ജോര്‍ദാന്റെ സംരക്ഷണാവകാശം ഒഴിവാക്കുന്നത് ആ ഇടത്തിലെ ചരിത്രപരവും നിയമപരവും മതപരവുമായ അവസ്ഥകളെ ബാധിക്കുമെന്ന് ഫലസ്തീനിയന്‍ അതോറിറ്റിക്ക് കീഴിലുള്ള ജെറുസലേം ഗവര്‍ണറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ജൂത മത പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് അനുമതി നല്‍കി അല്‍ അഖ്‌സ മസ്ജിദ് സമുച്ഛയത്തെ വിവിധ വിശ്വാസങ്ങളുടെ കേന്ദ്രമാക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ യു.എസും ഇസ്രാഈലും പരിഗണിക്കുന്നതായി മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ മേഖലയിലെ സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണമാവുമെന്ന് ഫലസ്തീന്‍ അതോറിറ്റി പറഞ്ഞു.
ഇസ്രഈലിന്റെ പരമാധികാരത്തിന് കീഴില്‍ അല്‍ അഖ്‌സയെ കൊണ്ടുവരുന്നതിലേക്ക് അടക്കം നയിക്കാനാണ് പുതിയ നിര്‍ദേശങ്ങളെന്നും ജെറുസലേം ഗവര്‍ണറേറ്റ് പ്രസ്താവനയില്‍ പറയുന്നു.
ജെറുസലേമിലെ മുസ്‌ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അംഗീകാരമുള്ളതും ചരിത്രപരമായി നിലനില്‍ക്കുന്നതുമായ കരാറാണ് ഹഷമിയ കമാന്‍ഡ്‌മെന്റെന്നും പ്രസ്താവനയില്‍ ജെറുസലേം ഗവര്‍ണറേറ്റ് ചൂണ്ടിക്കാട്ടി.
അല്‍ അഖ്‌സ സംരക്ഷണാവകാശത്തില്‍ മാറ്റം വരുത്തുന്നതിനായുള്ള നീക്കത്തിനെതിരെ ആഗോള സമൂഹവും ഐക്യരാഷ്ട്ര സഭ, യുനെസ്‌കോ, ഓര്‍ഗണൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ എന്നീ സംഘടനകളും യൂണിവേഴ്‌സിറ്റി ഓഫ് അറബ് സ്റ്റേറ്റ്‌സും പ്രതികരിക്കണമെന്നും ജെറുസലേം ഗവര്‍ണറേറ്റ് ആവശ്യപ്പെട്ടു.
അല്‍ അഖ്‌സ മസ്ജിദ് സമുച്ഛയത്തിന് ഒരു സംരക്ഷണമായാണ് ഹഷെമിയ കമാന്‍ഡ് നിലകൊള്ളുന്നത്. സമുച്ഛയത്തിന്റെ അറബ്, ഇസ്‌ലാമിക് സ്വഭാവം സംരക്ഷിക്കാന്‍ സാധിക്കുന്നത് ഈ കരാര്‍ കാരണമാണെന്നും ഗവര്‍ണറേറ്റ് അഭിപ്രായപ്പെട്ടു.
ജൂത മതസ്ഥര്‍ക്ക് കൂടി തുല്യ അവകാശം നല്‍കുന്ന തരത്തില്‍ ബഹു വിശ്വാസ കേന്ദ്രമാക്കി അല്‍ അഖ്‌സ സമുച്ഛയത്തെ മാറ്റാനാണ് ഇസ്രഈല്‍ യു.എസ് പിന്തുണയുള്ള പദ്ധതിയിലെ ഒരു നീക്കമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജൂത മതസ്ഥര്‍ക്ക് അവിടെ സമൂഹ പ്രാര്‍ത്ഥനക്ക് ഔദ്യോഗികമായി അനുമതി നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളും ഈ പദ്ധതിയുടെ രേഖയിലുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ പദ്ധതി നിലവില്‍ വന്നാല്‍ മസ്ജിദില്‍ ഇമാമിനെ നിയമിക്കുന്നതിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ഇസ്രഈലിന് വലിയ സ്വാധീനം ചെലുത്താനാവുമെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തലുണ്ട്. യു.എസ്, ജോര്‍ദാന്‍, ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് മിഡില്‍ ഈസ്റ്റ് ഐ പ്രസിദ്ധീകരിച്ചത്.
Content Highlight: Palestinian Authority Jerusalem Governorate warns of serious consequences of any mess with the Hashmite command on Al Aqsa Mosque