മലയാള ചലച്ചിത്ര സംഗീതത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ജെറി അമൽദേവ്. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ്. 1983-ൽ പുറത്തിറങ്ങിയ ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനത്തിലേക്ക് ഗായിക കെ.എസ്. ചിത്ര എത്തിയതിന്റെ അണിയറ ഓർമ്മകൾ പങ്കുവെക്കുകയാണ് സംഗീതസംവിധായകൻ ജെറി അമൽദേവ്. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെറി അമൽദേവ്.photo.The Hindu
‘ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിനു വേണ്ടി മദ്രാസിൽ നിന്നും ജാനകിയമ്മയെയും വാദ്യോപകരണക്കാരെയും ഒക്കെ കൊണ്ടുവരിക എന്ന് പറയുന്നത് ആ സമയത്ത് വളരെ ചിലവേറിയ ഒരു കാര്യമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അന്ന് നവോദയ അപ്പച്ചൻ എന്നോട് പറഞ്ഞത്, നമുക്ക് ഇവിടെയുള്ള പിള്ളേരെ വെച്ചുതന്നെ ഈ പാട്ട് ഒന്ന് ചെയ്തു നോക്കിക്കൂടെ എന്ന്. അപ്പോൾ ഞാനും പറഞ്ഞു, തിരുവനന്തപുരത്തും കൊച്ചിയിലും ഒക്കെ നല്ല പാട്ടുകാരുണ്ടെന്ന്. അന്ന് മോഹൻ സിതാര എന്ന് പറഞ്ഞ ഒരു മ്യൂസിക് ഗ്രൂപ്പ് ഒക്കെയുണ്ടായിരുന്നു, അതിനകത്താണെങ്കിൽ നല്ല ഗായകരും ഉണ്ടായിരുന്നു. അങ്ങനെ ഇവരെ എല്ലാവരെയും ഒരുമിച്ച് നിർത്തി ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചാണ് ഞങ്ങൾ മാമാട്ടിക്കുട്ടിയമ്മ എന്ന പാട്ടിലേക്ക് എത്തുന്നത്.
ഗായിക ചിത്രയെ ഈ പ്രോജക്ടിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയാണെന്ന് വെച്ചാൽ, ഞാൻ നേരത്തെ പറഞ്ഞതുപോലെ ജാനകിയമ്മയെ കൊണ്ടുവരാൻ സാധിക്കാത്തതുകൊണ്ട് ചിത്ര നന്നായി പാടും എന്ന് ഞാൻ നിർദ്ദേശിക്കുകയായിരുന്നു. പക്ഷേ അന്ന് ചിത്രയേക്കാൾ നന്നായി പാടുന്ന മറ്റൊരു ഗായിക ആയിരുന്നു അരുന്ധതി. കാരണം ആ കൊല്ലത്തെ യുവജനോത്സവത്തിൽ അവർക്ക് ഫസ്റ്റ് പ്രൈസും സെക്കൻഡ് പ്രൈസും ഒക്കെ കിട്ടിയിട്ടുണ്ടായിരുന്നു.
പക്ഷേ ചിത്ര പാടുമ്പോൾ റെക്കോർഡിങ് മെഷീന്റെ നീഡിൽ കറക്റ്റ് ആയി സെന്ററിൽ പോയി നിൽക്കുമായിരുന്നു. എന്നാൽ അരുന്ധതിയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അതൊരു പ്രശ്നമായതുകൊണ്ട് ചിത്രയെക്കൊണ്ട് ഒന്ന് ട്രൈ ചെയ്ത് നോക്കിപ്പിക്കാം എന്ന് പറഞ്ഞു. അങ്ങനെ ചിത്രയെ വിളിപ്പിച്ചു. ടെസ്റ്റ് ചെയ്യാൻ കൊടുത്തത് ഈ വരികളായിരുന്നു മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാൻ ഓടി വായോ, തേൻകുമിളച്ചിറകുകളിൽ പാറിവായോ… ഓ… ഓ… മാമാട്ടിക്കുട്ടിയമ്മേ…
ഇതുവരെ ഒറ്റ ശ്വാസത്തിൽ ഞാൻ പാടി കൊടുത്തു , മറ്റൊന്നും പറഞ്ഞില്ല. പക്ഷേ ചിത്ര അതുപോലെ തന്നെ കറക്റ്റ് ആയിട്ട് പാടി. അപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവർ തന്നെയാണ് ഈ പാട്ടിന് വേണ്ട യഥാർത്ഥ ഗായിക എന്ന്,’ ജെറി അമൽദേവ് പറഞ്ഞു.
ആളൊരുങ്ങി അരങ്ങൊരുങ്ങി ഗാനം.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്. Screen grab/youtube