മലയാള ചലച്ചിത്ര സംഗീതത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ജെറി അമൽദേവ്. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അദ്ദേഹം തന്റെ തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിലെ ഏറെ ജനപ്രീതി നേടിയ പൂക്കൾ പനിനീർ പൂക്കൾ എന്ന മനോഹരമായ ഗാനം പിറന്ന പശ്ചാത്തലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജെറി അമൽദേവ്. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെറി അമൽദേവ്.photo.screen grab/youtube/Indywood
‘1980 മുതൽ 2005 വരെ ഞാൻ കുടുംബത്തോടൊപ്പം മദ്രാസിലായിരുന്നു. പിന്നീടാണ് കൊച്ചിയിൽ താമസം തുടങ്ങിയതും ഒരു സ്കൂളിൽ സംഗീത അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതും. അപ്പോഴേക്കും സിനിമയിൽ നിന്ന് ഞാൻ വിട്ടുനിന്നിട്ട് ഏകദേശം ഇരുപത് വർഷത്തോളമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം സംവിധായകൻ എബ്രിഡ് ഷൈൻ എന്റെ വീട്ടിലേക്ക് വരുന്നത്. സാറേ, ഞങ്ങൾ ഒരു സിനിമ ചെയ്യാൻ പോവുകയാണ്, അതിലേക്ക് ഒരു പാട്ട് വേണം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമയിലെ എന്റെ നീണ്ട ഇടവേള കൊണ്ടും ഇപ്പോഴത്തെ സിനിമകളിലെ പുതിയ സംഗീത ശൈലി എനിക്ക് വഴങ്ങുമോ എന്ന സംശയം ഉള്ളതുകൊണ്ടും എന്നെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഞാൻ അവരെ നിർബന്ധിച്ച് വീടിന് പുറത്താക്കി വാതിൽ അടയ്ക്കുക വരെ ചെയ്തു.
പക്ഷെ വിടാൻ ഭാവമില്ലെന്നോണം പിറ്റേ ദിവസവും അവർ വീണ്ടും വന്നു. ഞങ്ങൾക്ക് വേണ്ടത് ഒരു സാധാരണ പാട്ടാണ്, ഇലക്ട്രോണിക്സ് സംഗീതമൊന്നും വേണ്ട. അതെല്ലാം കേട്ട് ഞങ്ങളുടെ ചെവിയൊക്കെ പോയിരിക്കുകയാണ്. കയ്യും കാലും കൊണ്ട് വായിക്കാൻ പറ്റുന്ന തരം സംഗീതോപകരണങ്ങൾ ഉപയോഗിച്ച്, ലളിതമായി പാടാൻ പറ്റുന്ന ഒരു ഗാനം മതി എന്ന് അവർ പറഞ്ഞു. അപ്പോൾ എങ്ങനത്തെ പാട്ടാണ് വേണ്ടത് എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരു മൂളിപ്പാട്ട് മതിയെന്നായിരുന്നു പറഞ്ഞത്. അതുപ്രകാരം ഞാൻ ഒരു ഈണം തയ്യാറാക്കി കേൾപ്പിച്ചു കൊടുത്തു. അത് കേട്ടപ്പോൾ തന്നെ അവർ അത് ഇഷ്ടപ്പെടുകയും ഇതുമതി എന്ന് ഉറപ്പിക്കുകയുമായിരുന്നു. അങ്ങനെയാണ് പൂക്കൾ പനിനീർ പൂക്കൾ എന്ന മനോഹര ഗാനം ഉണ്ടാവുന്നത്. ചിത്രത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈനിനു എന്നിലുണ്ടായിരുന്ന വിശ്വാസത്തിന്റെ പുറത്താണ് ആ പാട്ട് ഉണ്ടായത്,’ ജെറി അമൽദേവ് ഓർമ്മകൾ പറഞ്ഞു.
മലയാളികളുടെ പ്രിയ ഗായകരായ യേശുദാസും വാണി ജയറാമും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ ഈ പാട്ട് , റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന എക്കാലത്തെയും പ്രിയ മെലഡികളിലൊന്നാണ്.
പൂക്കൾ പനിനീർ പൂക്കൾ ഗാനം.ആക്ഷൻ ഹീറോ ബിജു.photo.DailyMotion
Content Highlight: Jerry Amaldev shares story behind the song pookkal panineer pookkal song