| Tuesday, 28th July 2026, 11:12 am

കിട്ടിയ ടേക്കുകൾ വെട്ടിയൊട്ടിച്ചാണ് അതിഗംഭീര പാട്ടാണെന്ന് പറയുന്ന, 'മിഴിയോരം' പൂർത്തിയാക്കിയത്: ജെറി അമൽദേവ്

നന്ദന. ടി

മലയാള ചലച്ചിത്ര സംഗീതത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ജെറി അമൽദേവ്. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ്.

ഇപ്പോഴിതാ താൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജെറി അമൽദേവ്.

ജെറി അമൽദേവ്.Photo.Facebook

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നായ മിഴിയോരം റെക്കോർഡ് ചെയ്യുന്നതിനിടെ സംഭവിച്ച അപ്രതീക്ഷിത സാങ്കേതിക തടസങ്ങൾ മറികടന്ന് ആ പാട്ട് പൂർത്തിയാക്കിയതിനെക്കുറിച്ച് ജെറി അമൽദേവ് ഓർത്തെടുക്കുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ എല്ലാ പാട്ടുകളും എ.വി.എം. സി തിയേറ്ററിൽ വെച്ചാണ് റെക്കോർഡ് ചെയ്തത്. അവിടെ വിശ്വനാഥൻ എന്ന് പറയുന്ന സൗണ്ട് എഞ്ചിനീയറായിരുന്നു പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. മിഴിയോരം എന്ന പാട്ടിന് നാൽപ്പത് പേർ അടങ്ങുന്ന ഒരു വലിയ ഓർക്കസ്ട്ര ടീമായിരുന്നു ഉണ്ടായിരുന്നത്. പാട്ട് പാടിയത് യേശുദാസും. അങ്ങനെ ഞങ്ങൾ ഓരോ ടേക്കുകൾ എടുക്കുകയാണ്. ആദ്യത്തെ ടേക്കിൽ യേശുദാസ് പാടിയപ്പോൾ പല്ലവി അങ്ങോട്ട് ചൂടുപിടിച്ചുവന്നില്ല,

അടുത്ത ടേക്കിലേക്ക് പോയപ്പോൾ അവിടെ ചരണം ശരിയായില്ല. അങ്ങനെ മൂന്നാമത്തെ ടേക്കെടുത്തപ്പോൾ എല്ലാം നന്നായി വന്നുവെങ്കിലും, ഒന്നുകൂടി മനോഹരമാക്കാൻ വേണ്ടി അവസാനമായി ഒരു ടേക്ക് കൂടി എടുക്കാമെന്ന് കരുതി. എന്നാൽ ആ ടേക്കിൽ പാട്ടിന്റെ പകുതിയായപ്പോഴേക്കും റെക്കോർഡിങ് കൺസോളിൽ നിന്നും പുക വരാൻ തുടങ്ങി. ഉടൻ തന്നെ വിശ്വനാഥൻ വന്ന് ഷട്ട്ഡൗൺ ചെയ്യാൻ ആവശ്യപ്പെട്ടു.

വീണ്ടും ആദ്യമേ റെക്കോർഡ് ചെയ്യുക എന്ന് പറയുന്നത് ഇരട്ടി ചിലവുള്ള കാര്യമാണ്. കാരണം ഈ നാൽപ്പത് പേർ അടങ്ങുന്ന ടീമിനും വീണ്ടും പണം കൊടുക്കണം. നമ്മളാണെങ്കിൽ കഴിയുന്നത്ര ചിലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ നവോദയ അപ്പച്ചനും ഞാനുമൊക്കെ എന്ത് ചെയ്യും എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് അവിടെയുള്ള ഒരാൾ പറയുന്നത്, ടേപ്പ് എഡിറ്റ് ചെയ്യുന്ന ഒരാൾ അവിടെയുണ്ടെന്ന്.

അങ്ങനെ അയാളെ വിളിച്ച് ഓരോ ടേക്കിലെയും നല്ല ഭാഗങ്ങൾ എടുത്ത് റീ-എഡിറ്റ് ചെയ്യാൻ തീരുമാനിച്ചു. അന്ന് ക്വാർട്ടർ ഇഞ്ച് ടേപ്പാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ ഒന്നാമത്തെ ടേക്കിൽ നിന്ന് പല്ലവിയും, മറ്റു ടേക്കുകളിൽ നിന്ന് ചരണങ്ങളും എടുത്ത് കൂട്ടിയൊട്ടിച്ചുണ്ടാക്കിയ ഗാനമാണ് നമ്മൾ ഇപ്പോൾ അതിഗംഭീര പാട്ടാണെന്ന് പറയുന്ന, യേശുദാസ് പാടിയ മിഴിയോരം, ജെറി അമൽദേവ് പറഞ്ഞു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.photo.wikipedia

Content Highlight: Jerry Amaldev shares memories of recording mizhiyoram song

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more