| Sunday, 26th October 2025, 9:30 am

ഡൂംസ്‌ഡേയിലും സീക്രട്ട് വാര്‍സിലുമില്ല, ഇനി അവഞ്ചേഴ്‌സില്‍ ഉണ്ടായേക്കില്ല: ജെറമി റെന്നെര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. ഫേസ് സെവനിലെ ഏറ്റവും വലിയ പ്രൊജക്ടായാണ് ഡൂംസ്‌ഡേ ഒരുങ്ങുന്നത്. മാര്‍വലിലെ സകല സൂപ്പര്‍ഹീറോകളും ഡൂംസ്‌ഡേയില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ഡൂംസ്‌ഡേയുടെ ഭാഗമാകാത്ത താരങ്ങള്‍ ആരൊക്കെയെന്നാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, സ്‌പൈഡര്‍ മാന്‍, ഹോക്ക് ഐ എന്നിവരുടെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട കാസ്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. അണിയറപ്രവര്‍ത്തകര്‍ സര്‍പ്രൈസാക്കി വെച്ച താരങ്ങളില്‍ ഇവരുണ്ടാകുമെന്നായിരുന്നു ഇടക്ക് കേട്ട റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഡൂംസ്‌ഡേയിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ഹോക്ക് ഐ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെറമി റെന്നെര്‍.

ഡൂംസ്‌ഡേയിലും പിന്നാലെ വരുന്ന സീക്രട്ട് വാര്‍സിലും താന്‍ ഭാഗമാകുന്നില്ലെന്ന് ജെറമി അറിയിച്ചു. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി അവഞ്ചേഴ്‌സ് ചിത്രങ്ങളില്‍ താന്‍ ഭാഗമായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൂംസ്‌ഡേയില്‍ ഹോക്ക് ഐയുടെ വേരിയന്റാകുമോ പ്രത്യക്ഷപ്പെടുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജെറമി.

2011ല്‍ പുറത്തിറങ്ങിയ തോറിലൂടെയാണ് ജെറമി മാര്‍വലിന്റെ ഭാഗമായത്. പിന്നാലെ അവഞ്ചേഴ്‌സ് സിനിമകളില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രങ്ങളിലൊന്നായി അദ്ദേഹം മാറി. മാര്‍വലില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന് ജെറമിയുടെ പിന്‍വാങ്ങലാണ് സിനിമാലോകത്ത് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഹോക്ക് ഐക്ക് പകരം വെക്കാന്‍ ഏത് കഥാപാത്രത്തെയാകും മാര്‍വല്‍ പരിചയപ്പെടുത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സിനിമാലോകത്ത് നിറഞ്ഞുനില്ക്കവെ 2023ല്‍ മഞ്ഞുവീഴ്ചയില്‍ ജെറമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നരവര്‍ഷത്തോളം നീണ്ട വിശ്രമത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുത്തത്. തിരിച്ചുവരവിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണവെയായിരുന്നു ജെറമി അവഞ്ചേഴ്‌സിനെക്കുറിച്ച് സംസാരിച്ചത്.

അതേസമയം ലണ്ടനിലും ഗ്ലാസ്‌ഗോയിലുമായി ഡൂംസ്‌ഡേയുടെ ഷൂട്ട് പുരോഗമിക്കുകയാണ്. എന്‍ഡ് ഗെയിമിന് ശേഷം റൂസ്സോ ബ്രദേഴ്‌സ് മാര്‍വലിന്റെ ഭാഗമാകുന്ന ചിത്രമാണിത്. ഒരു ബില്യണിലടുത്ത് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 2026 മെയില്‍ ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Content Highlight: Jeremy Renner clears that he wont be a part of Doomsday and Secret Wars

We use cookies to give you the best possible experience. Learn more