ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. അപ്രഖ്യാപിത വിദേശ സന്ദര്‍ശനത്തിന്റെ പേരില്‍ കോര്‍ബിന്‍ സസ്‌പെന്‍ഷന്‍ നേരിട്ടേക്കുമെന്ന് ദ ടെലിഗ്രാഫാണ് റിപ്പോര്‍ട്ടു ചെയ്തത്.
2010നും 2014നും ഇടയില്‍ നടത്തിയ വിദേശ യാത്രയുടെ ചിലവു വിവരങ്ങള്‍ കൃത്യമായി അറിയിച്ചില്ലെന്ന ആരോപണമാണ് കോര്‍ബിനെതിരെയുള്ളത്. ഇതുസംബന്ധിച്ച് പാര്‍ലമെന്ററി കമ്മീഷണര്‍ ഫോര്‍ സ്റ്റാന്റേര്‍ഡ്‌സ് അന്വേഷണം നടത്തിയിരുന്നു.
660 പൗണ്ടില്‍ മുകളില്‍ ചിലവു വരുന്ന, പൊതുഫണ്ടില്‍ നിന്ന് അല്ലെങ്കില്‍ പൂര്‍ണമായും എം.പിമാര്‍ ചിലവു വഹിക്കാത്ത വിദേശ യാത്രകളുടെ വിവരങ്ങള്‍ എം.പിമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം.
നേരത്തെ ശ്രീലങ്ക സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി എം.പിയായിരുന്ന ലെയിന്‍ പൈസ്ലെയെ പാര്‍ലമെന്റില്‍ നിന്നും 30 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. മൂന്നോളം വിദേശ യാത്രയുടെ വിവരങ്ങള്‍ കോര്‍ബിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2010ല്‍ വെസ്റ്റ് ബാങ്കിലേക്കും ഇസ്രഈലിലേക്കും കോര്‍ബിന്‍ നാലുദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. മിഡിലീസ്റ്റ് മോണിറ്ററും ഫ്രണ്ട്‌സ് ഓഫ് അല്‍ അഖ്‌സയുമായിരുന്നു അതിനുവേണ്ടിയുള്ള പണം നല്‍കിയത്.
ലേബര്‍ എം.പിയായ ആന്റി സ്ലോട്ടറും ഈ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയ്ക്ക് 927 പൗണ്ട് ചിലവായെന്നും അദ്ദേഹം അറിയിച്ചിരുന്നു.
2011ല്‍ ടുനീഷ്യയിലേക്ക് രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന ലേബര്‍ ലണ്ടന്‍ അസംബ്ലി അംഗവും ചിലവു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്ലോബല്‍ പീസ് ആന്റ് യൂണിറ്റി ഫൗണ്ടേഷനാണ് ഈ യാത്രയുടെ ചിലവു വഹിച്ചതെന്നാണ് സൂചന.
2014ല്‍ ടുണീഷ്യന്‍ പ്രസിഡന്റ് ബെജി കെയ്ഡ് എസ്സബ്‌സിയുടെ ക്ഷണപ്രകാരവും കോര്‍ബിന്‍ ടൂണിസിലെത്തിയിരുന്നു. 1972ലെ മൂണിച്ച് ഒളിമ്പിക് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടവരുടെ ശവകുടീരത്തില്‍ റീത്തുവെക്കുന്ന ചടങ്ങില്‍ കോര്‍ബിന്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.