| Friday, 18th July 2025, 6:04 pm

ഗസയിലെ വംശഹത്യയില്‍ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കും; ട്രൈബ്യൂണലുമായി ജെര്‍മി കോര്‍ബിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയിലെ വംശഹത്യയിലെ ബ്രിട്ടന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്രൈബ്യൂണലൊരുങ്ങുന്നു. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും സ്വതന്ത്ര എം.പിയുമായ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലാണ് അനൗദ്യോഗിക ഗസ ട്രൈബ്യൂണല്‍ രൂപവത്ക്കരിക്കുന്നത്.

ഇറാഖ് യുദ്ധത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിച്ചിരുന്നു. ഇതിന് സമാനമായ ട്രൈബ്യൂണല്‍ രൂപീകരിച്ച്‌ ഗസയിലെ വംശഹത്യയിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കണമെന്ന് ജെര്‍മി കോര്‍ബിന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ജൂലായ് നാലിന് ഈ ബില്‍ പാസാക്കാനുള്ള ശ്രമം ലേബര്‍ സര്‍ക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ ശ്രമം.

2023 ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ബ്രിട്ടന്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ആയുധങ്ങള്‍ കൈമാറുന്നതിന് പുറമെ ഇസ്രഈലിന് ഇന്റലിജന്‍സ് സഹായവും ബ്രിട്ടന്‍ നല്‍കിയിരുന്നു. ബ്രിട്ടന്റെ റോയല്‍ എര്‍ഫോഴ്‌സ് ഗസയ്ക്ക് മുകളിലൂടെ നിരീക്ഷണപ്പറക്കലുകള്‍ നടത്തുകയും ഇത് വഴി ലഭിച്ച വിവരങ്ങള്‍ ഇസ്രഈലിന് കൈമാറുകയും ചെയ്തിരുന്നു.

സെപ്റ്റംബറോടെ ഈ അനൗദ്യോഗിക ട്രൈബ്യൂണല്‍ നടപ്പില്‍ വരുത്തുമെന്നാണ് കോര്‍ബിന്റെ മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ ട്രൈബ്യൂണലില്‍ ഗസയിലെ ഇസ്രഈല്‍ ആക്രമണത്തെ അതിജീവിച്ചവര്‍, അന്താരാഷ്ട്ര നിയമവിദഗ്ദര്‍, വിസില്‍ ബ്ലോവേര്‍സ് എന്നിവര്‍ പങ്കെടുക്കും.

ഇറാഖിലെ യുദ്ധത്തിലെപ്പോലെ ഭരണകൂടവും മന്ത്രിമാരും സത്യം മറച്ച് വെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും എന്നാല്‍ അത് വിജയിക്കില്ലെന്നും ട്രൈബ്യൂണല്‍ പ്രഖ്യാപിക്കുന്നതിനിടെ കോര്‍ബിന്‍ പറഞ്ഞു.

സ്വതന്ത്രവും പൂര്‍ണവുമായ അന്വേഷണം തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വംശഹത്യയിലെ ബ്രിട്ടന്റെ പങ്ക് പൂര്‍ണമായി പുറത്ത് കൊണ്ടുവന്ന് ഫലസ്തീന് നീതി ഉറപ്പാക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു.

പ്രധാനമായും നാല് ഭാഗങ്ങള്‍ ആയിട്ട് ക്രമീകരിച്ചിരിക്കുന്ന ട്രൈബ്യൂണലില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളിലെ ബ്രിട്ടന്റെ പങ്ക്, ഗസയിലെ അതിക്രമത്തിന്റെ ആഴം, കുറ്റകൃത്യങ്ങല്‍ തടയുന്നതിനുള്ള ബ്രിട്ടന്റെ നിയമപരമായ സാധ്യത, അത് ബ്രിട്ടന്‍ പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുക.

അടുത്തിടെ ജെര്‍മി കോര്‍ബിന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ലേബര്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മുന്‍ പാര്‍ട്ടി നേതാവ് കൂടിയായ കോര്‍ബിന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍ ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ല.

ശതകോടീശ്വരന്‍മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന് യഥാര്‍ത്ഥ ബദല്‍ സൃഷ്ടിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടിയെന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. മുന്‍ എം.പിയും ലേബര്‍ നേതാവുമായ സാറ സുല്‍ത്താനയും പുതിയ പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്.

Content Highlight: Jeremy Corbyn lead tribunal will investigate Britain’s role in Gaza Genocide 

We use cookies to give you the best possible experience. Learn more