| Saturday, 5th July 2025, 8:48 am

ബദല്‍ പാര്‍ട്ടി പ്രഖ്യാപിച്ച് ജെര്‍മി കോര്‍ബിന്‍; ലേബർ പാർട്ടി വിട്ട് പിന്തുണയുമായി സാറ സുൽത്താനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് ജെര്‍മി കോര്‍ബിന്‍ എം.പി. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കോര്‍ബിന്റെ പ്രഖ്യാപനം. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍ ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ല.

ശതകോടീശ്വരന്‍മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന് യഥാര്‍ത്ഥ ബദല്‍ സൃഷ്ടിക്കുമെന്നും ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റും സ്വതന്ത്ര എം.പിയുമായ കോര്‍ബിന്‍ വ്യക്തമാക്കി.

ജെര്‍മി കോര്‍ബിന്റെ പ്രഖ്യാനത്തിന് പിന്നാലെ ഡസന്‍ കണക്കിന് എം.പിമാര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. 14 വര്‍ഷത്തെ സേവനത്തിന് ശേഷം മുന്‍ എം.പിയും ലേബര്‍ നേതാവുമായ സാറ സുല്‍ത്താന ഇതിനകം പാര്‍ട്ടിവിട്ടിട്ടുണ്ട്. 2019 മുതല്‍ കോവെന്‍ട്രി സൗത്തിലെ പാര്‍ലമെന്റ് അംഗമായിരുന്നു സാറ.

സോഷ്യലിസമാണ് ഭാവിയുടെ പ്രതീക്ഷയെന്നും ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും സാറ അറിയിച്ചു. രാജ്യത്തുടനീളമുള്ള സ്വതന്ത്ര എം.പിമാര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ സ്ഥാപനമെന്നും സാറ പറഞ്ഞു.

ഗസക്കെതിരായ ഇസ്രഈല്‍ യുദ്ധത്തിന് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്നും സാറ സുല്‍ത്താന വ്യക്തമാക്കി. സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ വംശഹത്യയില്‍ സജീവ പങ്കാളിയാണെന്നും ബ്രിട്ടീഷ് ജനത അതിനെ എതിര്‍ക്കുവെന്നും സാറ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഗ്രൂപ്പായ ഫലസ്തീന്‍ ആക്ഷന്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള പാര്‍ലമെന്റ് വോട്ടെടുപ്പിനെയും സാറ വിമര്‍ശിച്ചു. ഗസയിലെ ഇസ്രഈല്‍ വംശഹത്യ തടയാന്‍ ശ്രമിക്കുന്ന മനസാക്ഷിയുള്ള ആളുകളെയാണ് സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ തീവാദികളാക്കുന്നതെന്നും സാറ പറഞ്ഞു.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസത്തിനാണോ ക്രൂരതക്കണോ സ്ഥാനമെന്ന് വ്യക്തമായിരിക്കുമെന്നും സാറ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് 400,000 കുട്ടികളെ ദാരിദ്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വോട്ട് ചെയ്തതിന് ലേബര്‍ പാര്‍ട്ടിയുടെ സസ്പന്‍ഷന്‍ നേരിട്ടതും സാറ സുല്‍ത്താന ഓര്‍ത്തെടുത്തു.

എന്നാല്‍ ഈ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സാറ വ്യക്തമാക്കി. പെന്‍ഷന്‍കാര്‍ക്കുള്ള ശൈത്യകാല ഇന്ധന പേയ്മെന്റുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെയും പോരാട്ടം തുടരുമെന്നും സാറ പറഞ്ഞു. രണ്ട് കുട്ടികള്‍ക്കുള്ള ആനുകൂല്യ പരിധി നിര്‍ത്തലാക്കാന്‍ വോട്ട് ചെയ്ത ഏഴ് ലേബര്‍ എം.പിമാരില്‍ ഒരാള്‍ കൂടിയായിരുന്നു സാറ.

നിലവില്‍ ജെര്‍മി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനവും സാറയുടെ രാജിയും ലേബര്‍ നേതൃത്വത്തെ അരക്ഷിതാവസ്ഥയിലാക്കിയിട്ടുണ്ട്.

Content Highlight: Jeremy Corbyn announces alternative party in britain

We use cookies to give you the best possible experience. Learn more