ജിയോ ബേബിയുടെ സംവിധാനത്തില്‍ സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമയായിരുന്നു കാതല്‍ ദി-കോര്‍. കേരളത്തിന് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സിനിമയില്‍ നായകനായത് മമ്മൂട്ടിയായിരുന്നു.
മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുധി കോഴിക്കോടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു ബാക്ക് സ്റ്റോറിയുണ്ടെങ്കില്‍ അഭിനേതാക്കള്‍ക്ക് അത് എളുപ്പമാകുമെന്ന് പറയുകയാണ് ജിയോ ബേബി.
റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. കാതല്‍ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുടെയും സുധി കോഴിക്കോടിന്റെയും കഥാപാത്രങ്ങള്‍ക്ക് അവരുടേതായ ബാക്ക് സ്റ്റോറീസ് ജിയോ ബേബി ഉണ്ടാക്കിയിരുന്നു.
എന്നാല്‍ തങ്കന്റെ ബാക്ക് സ്റ്റോറി പറഞ്ഞപ്പോള്‍ സുധി ഒരുപാട് പിന്നിലേക്ക് പോകാന്‍ തുടങ്ങുകയും പറഞ്ഞു കൊടുത്തയിടത്ത് നിന്നും ആവശ്യമില്ലാതെ കാടുകയറാന്‍ തുടങ്ങുകയും ചെയ്തു. അന്ന് തങ്ങള്‍ ‘അത്രയും പോകേണ്ട. നമുക്ക് ഇത്രയും സ്‌റ്റോറി മതി’യെന്ന് പറയുകയായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്.
‘ഞാനൊരു സ്‌റ്റോറി ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതും ഇതും കൂടെ ക്ലാഷ് ആകുമോ’ എന്നാണ് മമ്മൂക്ക ചോദിച്ചത്. കാരണം അദ്ദേഹം കാതല്‍ സിനിമയുടെ സ്‌ക്രീന്‍പ്ലേയില്‍ വളരെ അധികം ഇന്‍വോള്‍വ്ഡ് ആയിരുന്നു,’ ജിയോ ബേബി പറഞ്ഞു.
മമ്മൂട്ടി ഒരുപാട് മീറ്റിങ്ങുകളില്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹത്തിന് അതിന്റേതായ ധാരണ ഉണ്ടായിരുന്നെന്നും സംവിധായകന്‍ പറയുന്നു. തങ്ങള്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കംഫേര്‍ട്ടാണ് നോക്കിയതെന്നും ബാക്ക് സ്‌റ്റോറി കേള്‍ക്കണമെങ്കില്‍ മാത്രം കേട്ടാല്‍ മതിയെന്ന് പറഞ്ഞുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
‘എങ്കിലും മമ്മൂക്ക ‘ആഹ്, കേള്‍ക്കട്ടെ’യെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന് ആ കഥാപാത്രത്തിന്റെ ബാക്ക് സ്‌റ്റോറി പറഞ്ഞു കൊടുത്തു. സ്‌കൂള്‍ ലൈഫും അയാളുടെ കോളേജ് ലൈഫുമൊക്കെ അതില്‍ ഉണ്ടായിരുന്നു.
എല്ലാം കേട്ടപ്പോള്‍ ‘കുഴപ്പമില്ല. നന്നായി’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ‘എന്റെ മനസിലുള്ള സ്‌റ്റോറിയില്‍ നിന്നും ഇതില്‍ നിന്നുമൊക്കെ എടുത്തിട്ട് ഞാന്‍ ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞു,’ ജിയോ ബേബി പറയുന്നു.
Content Highlight: Jeo Baby Talks About Backstory Of Mammootty’s Character In Kaathal The Core