| Tuesday, 23rd August 2022, 3:52 pm

കഥ വായിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് മമ്മൂക്ക, അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യുമ്പോള്‍ പേടിയല്ല എക്‌സൈറ്റ്മന്റാണുള്ളത്: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമായുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജിയോ ബേബി. റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം ശ്രീധന്യ കാറ്ററിങ് സര്‍വ്വീസിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാ വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള തന്റെ അടുത്ത സിനിമയെ കുറിച്ച് ജിയോ ബേബി പറഞ്ഞത്.

‘മമ്മൂട്ടിയുമായാണ് എന്റെ അടുത്ത സിനിമ. എന്റെ കൂട്ടുകാര്‍ രണ്ടുപേര്‍ ചേര്‍ന്നാണ് സിനിമയുടെ കഥ എഴുതുന്നത്. അത്ര മാത്രമേ സിനിമയെ കുറിച്ചിപ്പോള്‍ പറയാന്‍ സാധിക്കു, ഞങ്ങള്‍ എഴുത്തിലാണ്. മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റും സന്തോഷവുമുണ്ട് പക്ഷെ ടെന്‍ഷനില്ല. ഉത്തരവാദിത്തമാണ് ടെന്‍ഷനേക്കാളുള്ളത്,’ ജിയോ ബേബി പറയുന്നു.

തന്റെ അടുത്ത് വരുന്ന എല്ലാ കഥകളും വായിക്കാറുണ്ടെന്നും. ആ കഥ വായിച്ചപ്പോള്‍ തന്നെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപെട്ടുവെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ക്കുന്നു.

‘മമ്മൂക്കയാണ് കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അദ്യം മനസ്സിലേക്ക് വന്നത്. എങ്ങനെ മമ്മൂക്കയുടെ അടുത്ത് എങ്ങനെയെത്തും എന്നതായിരുന്നു വലിയ ചോദ്യമായിട്ട് നിന്നത്.

മമ്മൂട്ടി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനൊക്കെ കണ്ടിട്ട് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഈ സിനിമ മനസ്സിലായി. അതുകൊണ്ട് തന്നെ അദ്ദേഹം ഈ സിനിമയില്‍ നന്നായി അഭിനയിക്കും എന്നെനിക്ക് വിശ്വാസമുണ്ട്.

അദ്ദേഹം നമ്മള്‍ മനസ്സില്‍ കണ്ടതിനേക്കാളും എഴുതിയുണ്ടാക്കിയതിനേക്കാളും അപ്പുറത്തേക്ക് അഭിനയിക്കും എന്ന് തെളിയിച്ച നടനാണ്. അദ്ദേഹം നമ്മളുണ്ടാക്കിയിരിക്കുന്ന കഥാപാത്രത്തെ ഒന്നൂകൂടി പുനര്‍നിര്‍മിക്കുകയും പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഞങ്ങള്‍ അതിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്.’ ജിയോ ബേബി പറയുന്നു.

ഓഗസ്റ്റ് 26 നാണ് ശ്രീധന്യ കാറ്ററിങ്സ് തിയേറ്ററുകളിലെത്തുന്നത്. കൂട്ടുകാരെല്ലാം ചേര്‍ന്ന് വീട്ടിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ജിയോ ബേബി മുന്‍പ് സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും, ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റിലെ ഓള്‍ഡ് ഏജ് ഹോമും വലിയ നിരൂപക പ്രശംസ നേടിയിരുന്നു.


സിനിമയില്‍ സംവിധായകനായ ജിയോ ബേബിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സുമേഷ് മൂര്‍, പ്രശാന്ത് മുരളി ജിനു ജോസഫ് എന്നിവരും പ്രധാന വേഷം അവതരിപ്പിക്കുന്നു ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ജോമോന്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാലു കെ. തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Jeo Baby about his new project with Mammootty

Latest Stories

We use cookies to give you the best possible experience. Learn more