| Thursday, 13th November 2025, 8:31 am

ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറിയടിച്ചവള്‍ക്ക് ഓസ്‌ട്രേലിയയില്‍ തിളങ്ങാനാകുന്നില്ല; വീണ്ടും നിരാശയാക്കി ജെമീമ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ബിഗ് ബാഷ് ലീഗില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ ഇന്ത്യന്‍ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസ്. ഡബ്ല്യൂ.ബി.ബി.എല്ലില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെ താരമായ ജെമീമയ്ക്ക് രണ്ട് മത്സരത്തില്‍ നിന്നും 16 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

നവംബര്‍ എട്ടിന് മെല്‍ബണ്‍ റെനെഗെഡ്‌സിനെതിരെയായിരുന്നു ഹീറ്റിന്റെ ആദ്യ മത്സരം. ഒമ്പത് പന്ത് നേരിട്ട ജെമീമയ്ക്ക് വെറും ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഒറ്റ ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല. മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലൂടെ ഹീറ്റ് ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലും ജെമീമ നിരാശപ്പെടുത്തി. 15 പന്ത് നേരിട്ട താരം 11 റണ്‍സ് നേടി പുറത്തായി. ഒരു ഫോര്‍ മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. മത്സരത്തില്‍ സ്‌ക്രോച്ചേഴ്‌സ് 23 റണ്‍സിന് വിജയിക്കുകയും ചെയ്തു.

നേരത്തെ നടന്ന ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് സെമിയില്‍ ജെമീമ റോഡ്രിഗസിന്റെ പ്രകടനമാണ് ഓസീസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് ജെമീമ ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചുനടത്തിയത്.

ടൂര്‍ണമെന്റില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പെര്‍ത് സ്‌ക്രോച്ചേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

സെഞ്ച്വറി നേടിയ ബെത് മൂണിയുടെ കരുത്തിലാണ് സക്രോച്ചേഴ്‌സ് മികച്ച സ്‌കോറിലെത്തിയത്. 73 പന്ത് നേരിട്ട മൂണി 105 റണ്‍സ് നേടി. 13 ഫോറും മൂന്ന് സിക്‌സറും അടക്കം 143.84 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

29 പന്തില്‍ 31 റണ്‍സ് നേടിയ കെയ്റ്റി മാക്കും 16 പന്തില്‍ 22 റണ്‍സ് നേടിയ പെയ്ജ് സ്‌കോള്‍ഫീല്‍ഡുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹീറ്റ് 149ന് പുറത്തായി. 30 പന്തില്‍ 46 റണ്‍സ് നേടിയ ഗ്രേസ് ഹാരിസാണ് ടോപ് സ്‌കോറര്‍. ഷിനെല്‍ ഹെന്‌റി (23 പന്തില്‍ 39), ചാര്‍ളി നോട്ട് (30 പന്തില്‍ 32) എന്നിവര്‍ക്ക് മാത്രമാണ് ഹീറ്റ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

സക്രോച്ചേഴ്‌സിനായി ഷോള്‍ ഐന്‍സ്‌വര്‍ത്, ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എമി എഡ്ഗര്‍, എബണി ഹോസ്‌കിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നാല് ബ്രിസ്‌ബെയ്ന്‍ താരങ്ങള്‍ റണ്‍ ഔട്ടായാണ് മടങ്ങിയത്.

നവംബര്‍ 15നാണ് ഹീറ്റിന്റെ അടുത്ത മത്സരം. ഹൊബാര്‍ട് ഹറികെയ്ന്‍സാണ് എതിരാളികള്‍.

Content Highlight: Jemimah Rodriguez failed to perform in WBBL

We use cookies to give you the best possible experience. Learn more