| Wednesday, 9th September 2026, 8:02 pm

സൂര്യ സീന്‍ തന്നെ; ദീപാവലി ആരും നോക്കണ്ട, ജിത്തു മാധവന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന ചിത്രം മുതല്‍ തന്നെ മലയാള സിനിമാ പ്രേമികള്‍ മനസില്‍ കുറിച്ചിട്ട പേരാണ് സംവിധായകന്‍ ജിത്തു മാധവന്റേത്. 2024ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി കൊണ്ട് ഒരുക്കിയ ആവേശത്തിലൂടെ ജിത്തു സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. സംവിധായകന്റെ മൂന്നാമത്തെ ചിത്രം ഏതായിരിക്കുമെന്ന് ഏവരും ഉറ്റുനോക്കിയ സാഹചര്യത്തിലായിരുന്നു സൂര്യയെ നായകനാക്കി താരത്തിന്റെ കരിയറിലെ 47ാമത്തെ ചിത്രം ജിത്തു സംവിധാനം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

സീന്‍. Photo: Screen Grab/ Sony Music South/ Youtube.com

താരത്തെ പൊലീസ് വേഷത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെതായി പുറത്തുവന്നിരിക്കുന്ന ടൈറ്റില്‍ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ47 എന്ന് താത്കാലികമായി പേരട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ‘സീന്‍’ എന്നാണ്. രോമാഞ്ചവും ആവേശവും പോലെ തന്നെ ഒറ്റ വാക്കില്‍ തന്നെയാണ് ജിത്തു തന്റെ മൂന്നാമത്തെ ചിത്രത്തിനും പേരിട്ടിരിക്കുന്നത്. ആവേശത്തിലെ രംഗണ്ണനെ പോലെ ഒരു ‘മാഡ്’ കഥാപാത്രവുമായാണ് സീനില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത് എന്ന് ടീസറിലൂടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

രംഗണ്ണന്‍ ഒരു ഗ്യാങ്സ്റ്ററായിരുന്നെങ്കില്‍ പൊലീസ് യൂണിഫോമിലാണ് സൂര്യ കഥാപാത്രം എത്തുന്നത് എന്ന പ്രത്യേകയാണ് ചിത്രത്തിലുള്ളത്. സൂര്യയുടെ കരിയറില്‍ വലിയ ഫാന്‍ ബേസുള്ള സിങ്കത്തിന് ശേഷം താരം പൊലീസ് യൂണിഫോമിലെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മലയാളികളാണെങ്കിലും കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കിയിരിക്കുന്നത്.

സീന്‍. Photo: Screen Grab/ Sony Music South/ Youtube.com

കറുപ്പ്, വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ വിജയം നേടി മിന്നും ഫോമിലുള്ള സൂര്യയുടെ അടുത്ത ഷുവര്‍ ഷോട്ടാണ് സീനെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രം നവംബര്‍ ആറിനാണ് റിലസ് ചെയ്യുന്നത്. നസ്രിയ നസീം, നസ്‌ലെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Jeethu Madhavan movie starring Suriya title out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more