| Thursday, 4th June 2026, 8:56 am

'സാറേ, എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നത്' എന്ന് വീണ പറഞ്ഞു; 'ഇതൊരു ട്രോളിനുള്ളത് ഉണ്ടെന്ന്' എഡിറ്റർ അന്നേ പറഞ്ഞിരുന്നു: ജീത്തു ജോസഫ്

നന്ദന എം.സി

ജോർജ്‌കുട്ടിയുടെ മൂന്നാം വരവിനായി ലോകമെമ്പാടുമുള്ള ദൃശ്യം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളായിരുന്നു.

എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ദൃശ്യം 3ക്ക് ലഭിക്കുന്നത്. ജീത്തു ജോസഫിന്റെ തിരക്കഥ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും ജോർജ്‌കുട്ടിയുടെ കഥാപാത്രമൊഴികെ മറ്റ് പല കഥാപാത്രങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിമർശനം.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ട്രോളുകൾക്ക് വഴിവെച്ചതും ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവായിരുന്നു.

ദൃശ്യം2, Photo: IMDb

ദൃശ്യം ആദ്യഭാഗത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന സഹദേവനെ മൂന്നാം ഭാഗത്തിൽ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്നും, ഗൗരവമുള്ള കഥാപാത്രത്തെ കോമഡി ട്രോളുകളുടെ വിഷയമാക്കി മാറ്റിയെന്നുമാണ് ചിലരുടെ അഭിപ്രായം.

പ്രത്യേകിച്ച് സഹദേവന്റെ ഗെറ്റപ്പും കണ്ണിലെ ചുവപ്പുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾക്ക് കാരണമായത്. കഥാപാത്രത്തിന് കൂടുതൽ ഭീകരത നൽകാനായി കണ്ണ് ചുവപ്പിച്ചതാണ് ശ്രദ്ധ നേടിയത്. എന്നാൽ ആ ചുവപ്പാണ് പിന്നീട് ട്രോളുകളുടെ പ്രധാന വിഷയമായി മാറിയത്.

അതേസമയം, ചിത്രത്തിൽ സഹദേവന്റെ മകളായി എത്തിയ വീണ നന്ദകുമാറിന്റെ കഥാപാത്രവും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയായി. ദൃശ്യം ഫ്രാഞ്ചൈസിയിൽ പുതിയ കഥാപാത്രമായാണ് വീണ എത്തിയത്.

എന്നാൽ സിനിമയിൽ കാര്യമായ സംഭാവനകളൊന്നുമില്ലാതെ ഒരു ബക്കറ്റും പിടിച്ച് നടക്കുന്നതാണ് കഥാപാത്രമെന്ന തരത്തിലുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇപ്പോൾ ഈ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്.

‘സഹദേവന്റെ കണ്ണിലെ ചുവപ്പ് ഇട്ടത് എന്തിനാണെന്ന് വെച്ചാൽ നമ്മൾ ആ ക്യാരക്ടറിന് ചെറിയൊരു ഭീകരത കൊണ്ടുവരാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അങ്ങനെ ചെയ്തപ്പോൾ ഇത്തിരി ചുവപ്പ് കൂടി പോയി.

ദൃശ്യം 3, Photo; YouTube/ Screengrab

ചിലയിടത്ത് ആ ചുവപ്പ് കുറവാണ്. അവസാന ഭാഗത്തേക്ക് എത്തിക്കുമ്പോൾ ആ കണ്ണിന്റെ ചുവപ്പ് നിറം കുറവാണ്. അത് ചിലർക്ക് തോന്നിയ പ്രശ്‌നമാണ്. അത് അവർ പറയുന്നു, അങ്ങനെ പറയുന്നവർ പറയട്ടെ.

സോഷ്യൽ മീഡിയയിൽ ആർക്കും ഇരുന്ന് എന്തും പറയാം. അവരുടെ അഭിപ്രായങ്ങൾ പറയാം. അത് ഇതിന്റെ ഭാഗമായിട്ട് വരുന്നതാണ്. അതൊന്നും സിനിമയെ ബാധിക്കാൻ പോകുന്നില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

വീണ നന്ദകുമാറിന്റെ കഥാപാത്രത്തെക്കുറിച്ചും സംവിധായകൻ വിശദീകരിച്ചു. തന്റെ മനസിൽ ആ രംഗത്തിന് വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അതുപോലെ തന്നെയാണ് വീണയുടെ കാര്യവും. എന്റെ മൈൻഡിൽ ആ സീനിൽ പുള്ളിക്കാരി അങ്ങോട്ട് വെറുതെ വരുന്നതിന് ഒരു പർപ്പസ് ഇല്ല. ആ സമയത്താണ് ജോർജ്‌കുട്ടി ഞെട്ടുന്നത്.

ദൃശ്യം 3, Photo; YouTube/ Screengrab

ഓ, ഇത് സഹദേവന്റെ മകളാണോ എന്ന്. സംഭവം ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് വെച്ചാൽ അടുത്ത സീനിൽ പുള്ളിക്കാരി ബാഗ്രൗണ്ടിൽ നിന്ന് വണ്ടി കഴുകുന്നുണ്ട്. അതിന് വേണ്ടിയാണ് ബക്കറ്റുമായി പുറത്തേക്ക് വന്നത്,’ അദ്ദേഹം വ്യക്തമാക്കി.

ട്രോളുകളെക്കുറിച്ച് സിനിമയുടെ റിലീസിന് മുമ്പേ സൂചന ലഭിച്ചിരുന്നുവെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ‘ഞങ്ങൾക്ക് സ്പോട്ട് എഡിറ്റർ ഉണ്ടല്ലോ. അതുകൊണ്ട് പിറ്റേ ദിവസം തന്നെ എഡിറ്റർ എനിക്ക് അത് കാണിച്ചുതന്നിട്ട് ഒരു ട്രോളിനുള്ളത് ഉണ്ട് എന്ന് പറഞ്ഞിരുന്നു.

അങ്ങനെ റിലീസ് കഴിഞ്ഞപ്പോൾ വീണ എന്നെ വിളിച്ചിട്ട്, ‘സാറേ, എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞു. ഇതൊക്കെ ആ ഒരു ഫണ്ണിൽ അങ്ങ് എടുക്കും,’ ജീത്തു ജോസഫ് പറഞ്ഞു.

സിനിമയിലെ ചില രംഗങ്ങൾ ട്രോളുകൾക്ക് ഇരയായെങ്കിലും അതെല്ലാം സിനിമയുടെ ഭാഗമായാണ് താൻ കാണുന്നതെന്നും, അത്തരം പ്രതികരണങ്ങൾ സിനിമയുടെ വിജയത്തെ ബാധിക്കില്ലെന്നുമാണ് സംവിധായകന്റെ നിലപാട്.

Content Highlight: Jeethu Joseph talks about the trolls coming to Drishyam 3

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more