| Monday, 20th April 2026, 11:06 am

രണ്ട് പടം ഡയറക്ട് ചെയ്ത മനുഷ്യന്‍, പാര്‍ക്കിങ് ടിക്കറ്റ് നല്‍കി ജീവിക്കുന്നു; സിനിമയിലെപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ വേണമെന്ന് ജീത്തു ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

ജോര്‍ജ്കുട്ടിയായി മോഹന്‍ലാലെത്തിയ ദൃശ്യത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തയാളാണ് ജീത്തു ജോസഫ്. ത്രില്ലര്‍ ചിത്രങ്ങളുടെ പാറ്റേണ്‍ തന്നെ മാറ്റിക്കളഞ്ഞ ദൃശ്യം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദിയടക്കം ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്. ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് മെയ് 22ന് ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവുമായി തിയേറ്ററുകളിലേക്കെത്തുകയാണ്.

കഴിഞ്ഞ ദിവസം ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനായി സിനിമയിലേക്കെത്തിയതിനെക്കുറിച്ചും സിനിമയക്ക് പുറമെ ഒരു തൊഴില്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ചും ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങളിലൊന്ന്.

ദൃശ്യം 2വിന്റെ സെറ്റില്‍ ജീത്തു ജോസഫ് . Photo: IMDB

‘ജയരാജ് സാറിന്റെ സിനിമയിലായിരുന്നു ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്തിരുന്നത്. ചിത്രത്തില്‍ കോസ്റ്റിയൂമിന്റെ കണ്ടിന്യൂവിറ്റി ശ്രദ്ധിക്കുക എന്നതായിരുന്നു എന്റെ ജോലി. പക്ഷേ ചിലര്‍ കാരണം എനിക്ക് ആ ജോലി വൃത്തിയായി ചെയ്യാന്‍ സാധിച്ചില്ല. ജയരാജ് സാര്‍ എന്നോട് വളരെയധികം ചൂടായി. പിന്നീട് എനിക്ക് അധിക ദിവസം ആ സെറ്റില്‍ നില്‍ക്കാന്‍ സാധിച്ചില്ല. 28 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് പറ്റുന്നില്ല പോകുകയാണെന്ന് പറഞ്ഞ് ഞാനവിടെ നിന്നിറങ്ങി.

ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഒരു അസോസിയേറ്റിനോട് കഥ പറഞ്ഞ് ഒരു വര്‍ഷത്തോളം അതിന് പിന്നാലെ നടന്നു. അത് നടക്കാതെയായപ്പോള്‍ വീട്ടിലെല്ലാവര്‍ക്കും സങ്കടമായി. പിന്നീട് ഡിക്ടറ്റീവിന്റെ തിരക്കഥ പൂര്‍ത്തിയാക്കി സംവിധാനം ചെയ്യുകയായിരുന്നു. വീട്ടുകാര്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് സപ്പോര്‍ട്ടായിരുന്നു. അവര്‍ എന്റയടുത്ത് ആകെ പറഞ്ഞത് ഒരു ഡിഗ്രിയെങ്കിലും വേണം കേട്ടോടാ എന്നാണ്.

അത് ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വരുന്നവരോടും പറയാറുണ്ട്. നമുക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ വേണം. കാരണം നമുക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലല്ലോ. ചിലപ്പോള്‍ ഒരു സിനിമയോ നാല് സിനിമയോ കഴിഞ്ഞിട്ട് ഫീല്‍ഡ് ഔട്ട് ആകാം. സിനിമാക്കാര്‍ക്ക് ഒരു പ്രശ്‌നമുണ്ട് കുറച്ച് നാള്‍ ഇതിനകത്ത് വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വേറെ പണിയൊന്നും ചെയ്യാന്‍ കഴിയില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ്. Photo: IMDB

സംവിധായകന്‍ സിബി മലയില്‍ തന്നോട് പങ്കുവെച്ച കഥയും ജീത്തു ജോസഫ് ഇതിന് ഉദാഹരണമായി പറഞ്ഞു. അദ്ദേഹം ഒരിക്കല്‍ ഒരു സ്ഥലത്ത് വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ അതിന്റെ പാര്‍ക്കിങ് ഫീസ് എഴുതാനായി ഒരാള്‍ ഓടിവന്നെന്നും രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത ആളായിരുന്നു അതെന്നും ജീത്തു പറയുന്നു. വിജയിച്ചവരുടെ കഥ മാത്രമാണ് നമ്മള്‍ അറിയുന്നതെന്നും അതുകൊണ്ടാണ് എപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ വേണമെന്ന് താന്‍ പറഞ്ഞതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

Content Highlight: Jeethu Joseph Talks about the need of having a back up plan for film workers

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more