മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നിർണായകമായ മാറ്റങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ദൃശ്യം.
മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥിരമായ ഇടം നേടിയ കഥാപാത്രങ്ങളാണ്. മലയാള സിനിമയിലെ ആദ്യ 50 കോടി ക്ലബ് ചിത്രമെന്ന നേട്ടത്തിനൊപ്പം, വിവിധ ഭാഷകളിലേക്കുള്ള റീമേക്കുകളിലൂടെയും ദൃശ്യം വ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
ജോർജ്‌കുട്ടിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നതെങ്കിലും, മറുവശത്ത് ഒരു കുടുംബത്തിന്റെ വേദനയും നഷ്ടവും അതേ തീവ്രതയിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ദൃശ്യം.
ദൃശ്യം3, Photo: IMDb
ജോർജ്‌കുട്ടിയുടെ മൂത്ത മകൾ അഞ്ജു അബദ്ധത്തിൽ വരുണിനെ കൊലപ്പെടുത്തുകയും, തുടർന്ന് ആ സംഭവം മറച്ചുവെക്കാൻ കുടുംബം നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം, മകനെ നഷ്ടപ്പെട്ട ഗീതാ പ്രഭാകറിന്റെയും പ്രഭാകറിന്റെയും വേദനയും ചിത്രം പ്രേക്ഷകരിലേക്ക് ശക്തമായി എത്തിച്ചിരുന്നു.
ഇപ്പോഴിതാ വരുണിന്റെ കഥാപാത്രത്തെക്കുറിച്ചും അവന്റെ കുടുംബത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്. മൂവി വേൾഡ് മീഡിയ ഗ്ലോബൽ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ദൃശ്യം, Photo: YouTube/ Screengrab
‘ഒറ്റ ഒരു മകനാണ്. ആ മകന് ഇത്തിരി വളർത്ത് ദോഷം ഉണ്ട്. പ്രഭാകർ എന്ന് പറയുന്ന ആൾക്ക് അതിനകത്ത് അഭിപ്രായ വ്യത്യാസവുമുണ്ട്. തുടക്കത്തിൽ മകൻ മിസ്സിങ് ആണ് എന്ന രീതിയിലാണ് പോകുന്നത്.
പക്ഷെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ അവൻ അപകടപ്പെട്ടു എന്നുള്ള തോന്നൽ ഉണ്ട്. ആ പേടിയോടെയാണ് മുന്നോട്ട് പോകുന്നത്. അത് ഏതാണ്ട് ഉറപ്പിച്ചു. അവർക്ക് അതൊരിക്കലും പൊറുക്കാൻ കഴിയില്ല.
അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ എന്റെ മകന് കുറച്ച് സ്വഭാവദൂഷ്യമൊക്കെ ഉണ്ട്, പക്ഷെ എന്ന് കരുതി ആർക്കെങ്കിലും കൊല്ലാൻ ഉള്ള റൈറ്റ് ഉണ്ടോ എന്നാണ്. ആരെങ്കിലും കൊന്നിട്ടുണ്ടെങ്കിൽ അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം എന്നുള്ളത് അവരുടെ ആഗ്രഹമാണ്.
ദൃശ്യം, Photo: IMDb
പ്രഭാകറിനും ആ ആഗ്രഹമുണ്ട്. പക്ഷെ അത് ഏത് രീതിയിൽ ആണ് എന്നുള്ളതാണ് പ്രശ്നം. പ്രഭാകറിന് അത് നിയമപരമായി പോകണം. പക്ഷെ ഗീതാ പ്രഭാകർ അതിന് വേണ്ടി ഏത് അറ്റം വരെയും പോകും,’ ജീത്തു ജോസഫ് പറഞ്ഞു.
ജോർജ്‌കുട്ടിയുടെ കുടുംബത്തിനൊപ്പം തന്നെ വരുണിന്റെ കുടുംബത്തിന്റെ വേദനയും പ്രേക്ഷകർക്ക് അനുഭവിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇന്നും ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ ഗീതാ പ്രഭാകറും പ്രഭാകറും വരുണും ഒരുപോലെ ഇടംപിടിക്കാറുണ്ട്.
Content Highlight: Jeethu Joseph talks about the movie Drishyam and the character Varun Prabhakar.