| Tuesday, 19th May 2026, 8:28 am

എനിക്കും ജോർജ് കുട്ടിക്കും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കൊച്ചുകുടുംബമാണ്; ആ കാര്യം പലവട്ടം ആലോചിച്ചു: ജീത്തു ജോസഫ്

നന്ദന എം.സി

മലയാള സിനിമയിലെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായി മാറിയ ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായി മാറിയതോടെ ഇപ്പോൾ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ ജോർജ് കുട്ടി എന്ന കഥാപാത്രം ഇനി എന്ത് വഴിത്തിരിവുകളാണ് സൃഷ്ടിക്കുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

ഇതിനിടെ ഇപ്പോഴിതാ ജോർജ് കുട്ടി എന്ന കഥാപാത്രവും തന്റെ ജീവിതവും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ജീത്തു ജോസഫ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ദൃശ്യം3, Photo: Mohanlal/ Facebook

‘ഞങ്ങൾക്ക് രണ്ട് പേർക്കും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കൊച്ചു കുടുംബമാണ്. പിന്നെ ഞങ്ങൾ രണ്ടുപേരും നന്നായി അധ്വാനിച്ച് ജീവിക്കുന്നവരാണ്.

പിന്നെ ജോർജുകുട്ടി അത്യാവശ്യം പിശുക്കനാണ്. വീട്ടിൽ ഒരു ഫാനോ ലൈറ്റോ അനാവശ്യമായി ഓണായിരുന്നാൽ പോലും ദേഷ്യം വരുന്നവനാണ്. ഞാൻ അങ്ങനെ പിശുക്കനൊന്നുമല്ലെന്നു തന്നെയല്ലേ നിങ്ങൾക്ക്‌ തോന്നുന്നത്,’ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

തന്റെ ഇച്ചാച്ചനുമായും ജോർജ് കുട്ടിക്ക് സാമ്യമുണ്ടെന്ന് സംവിധായകൻ പറയുന്നു. ‘എന്റെ ഇച്ചാച്ചനും ജോർജുകുട്ടിയുമായി ചില സാമ്യങ്ങൾ ഉണ്ട്.

ഇച്ചാച്ചനു രണ്ട് കാറുകൾ ഉണ്ടായിരുന്നു. അത് വീട്ടിൽ ഇട്ടിട്ട് ഇച്ചാച്ചൻ ബസിൽ യാത്ര ചെയ്യും. ഷെഡിൽ കിടക്കുന്ന കാറിന് എന്തിനാണു പെട്രോൾ എന്ന ഡയലോഗ് ഒരുപാടു തവണ ഞാൻ കേട്ടിട്ടുള്ളതാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ദൃശ്യം3, Photo:: IMDb

വീട്ടിലെ ചെറിയ കാര്യങ്ങളിലും ഇച്ചാച്ചൻ ഏറെ ശ്രദ്ധ പുലർത്തിയിരുന്നുവെന്നും ജീത്തു ജോസഫ് ഓർക്കുന്നു. ‘വീട്ടിൽ ഫാനും ലൈറ്റുമൊന്നും അനാവശ്യമായി ഇടാനൊന്നും ഇച്ചാച്ചൻ സമ്മതിക്കില്ല.

ദൃശ്യം മൂന്നിൽ ജോർജുകുട്ടിയുടെ കാർ മാറ്റി പുതിയതാക്കുന്ന കാര്യം പോലും എനിക്ക് പലവട്ടം ആലോചിക്കേണ്ടി വന്നു,’ എന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബബന്ധങ്ങളും ജീവിതത്തിലെ സ്വാഭാവിക മുഹൂർത്തങ്ങളും തന്റെ സിനിമകളിൽ കടന്നുവരാനുള്ള കാരണവും സംവിധായകൻ വിശദീകരിച്ചു. ‘നമ്മൾ മനുഷ്യരുടെ കഥയല്ലേ പറയുന്നത്.

സ്വാഭാവികമായും കുടുംബം വന്നുപോകും. അമ്മച്ചിയുടെ കുടുംബം നോക്കു. അവർ പന്ത്രണ്ടു മക്കളാണ്. ഇച്ചാച്ചൻ എവിടെപ്പോയാലും അമ്മച്ചിയെ കൂടെ കൊണ്ടുപോകുമായിരുന്നു.

അതുപോലെ നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരും ഇതൊക്കെ കണ്ടുവളർന്നതു കൊണ്ടാവണം എൻ്റെ സിനിമയിലും ഇത്തരം സീനുകൾ വരുന്നത്,’ എന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

Content Highlight: Jeethu Joseph talks about the compatibility between him and his character George Kutty.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more