| Wednesday, 20th May 2026, 10:12 am

'ആരും പ്രതീക്ഷിക്കാത്ത ഒരു ചേഞ്ച് ആണ് ഗീത പ്രഭാകറിന്'; അതിനർത്ഥം ജോർജ്‌കുട്ടി ഗീത പ്രഭാകറിനെയും..... ;ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’.

മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തുമ്പോൾ കഥ ഇനി ഏത് വഴിയിലേക്കാണ് പോകുകയെന്നറിയാനുള്ള ആവേശത്തിലാണ് സിനിമാപ്രേമികൾ.

ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായി മാറിയ സാഹചര്യത്തിൽ മൂന്നാം ഭാഗത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

തന്റെ കുടുംബത്തെ രക്ഷിക്കാനായി എന്തും ചെയ്യാൻ തയ്യാറാകുന്ന ജോർജ്‌കുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം’ പറഞ്ഞത്.

ദൃശ്യം 3, Photo: IMDb

വരുൺ പ്രഭാകറിന്റെ മരണത്തിന് പിന്നാലെ ഭാര്യയെയും മകളെയും സംരക്ഷിക്കാൻ ജോർജ്‌കുട്ടി നടത്തുന്ന നീക്കങ്ങളും അതിൽ നിന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം.

അതേസമയം, തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും ജോർജ്‌കുട്ടിയെ നിയമത്തിന് മുന്നിലെത്തിക്കാനും ശ്രമിക്കുന്ന അമ്മയായ ഗീത പ്രഭാകറിനെയും പ്രേക്ഷകർ അത്രമേൽ ശ്രദ്ധിച്ചിരുന്നു.

ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകർ ആദ്യ രണ്ട് ഭാഗങ്ങളിലും ശക്തമായ കഥാപാത്രമായിരുന്നു. ജോർജ്‌കുട്ടിയെ എങ്ങനെയെങ്കിലും കുടുക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ഗീതയുടെ മാനസികാവസ്ഥയും പോരാട്ടവുമാണ് സിനിമയിൽ കാണാൻ സാധിച്ചത്.

ദൃശ്യം 3, Photo: Mohanlal/ Facebook

എന്നാൽ ഇപ്പോൾ ‘ദൃശ്യം 3’യിൽ ഗീത പ്രഭാകറിന്റെ കഥാപാത്രത്തിന് വലിയൊരു മാറ്റമുണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്.

‘ആരും പ്രതീക്ഷിക്കാത്ത ഒരു ചേഞ്ച് ആണ് ഗീത പ്രഭാകറിന് ദൃശ്യം 3യിൽ ഉണ്ടാകുന്നത്,’ എന്നായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം. എന്നാൽ എന്തുതരത്തിലുള്ള മാറ്റമാണെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നില്ല.

ചിലർ പറയുന്നത് ഗീത പ്രഭാകറിന്റെ കഥാപാത്രത്തിന് മാനസികമായ മാറ്റമുണ്ടാകാമെന്നാണ്. വർഷങ്ങളായുള്ള അന്വേഷണവും പോരാട്ടവും അവസാനിപ്പിച്ച് അവർ ജീവിതത്തിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കാമെന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നു.

അതേസമയം, ജോർജ്‌കുട്ടിയോട് ഗീതയ്ക്ക് പുതിയൊരു സമീപനം ഉണ്ടാകാമെന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.

എന്നാൽ മറ്റൊരു വിഭാഗം പ്രേക്ഷകർ അതിലും വലിയ ട്വിസ്റ്റുകളാണ് പ്രതീക്ഷിക്കുന്നത്. ‘ആരും പ്രതീക്ഷിക്കാത്ത മാറ്റം’ എന്ന് ജീത്തു ജോസഫ് പറഞ്ഞതോടെ ഗീത പ്രഭാകറിന്റെ കഥാപാത്രത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമോയെന്ന സംശയവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ചിലർ തമാശയായും ചിലർ ഗൗരവമായും ‘ജോർജ്‌കുട്ടി ഗീത പ്രഭാകറിനെയും തട്ടിയോ?’ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

സിനിമയുടെ കഥയെ കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും ഓരോ ചെറിയ സൂചനകളും ആരാധകർ വലിയ രീതിയിൽ വിശകലനം ചെയ്യുകയാണ്.

ആദ്യ രണ്ട് ഭാഗങ്ങളിലും പ്രേക്ഷകരെ അമ്പരപ്പിച്ച ജീത്തു ജോസഫ് മൂന്നാം ഭാഗത്തിലും അതേ രീതിയിലുള്ള ട്വിസ്റ്റുകൾ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

മോഹൻലാൽ, ആശ ശരത്, മീന, എസ്തർ അനിൽ, അൻസിബ ഹസൻ തുടങ്ങിയവർ വീണ്ടും ഒന്നിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Content Highlight: Jeethu Joseph talks about the character Geetha Prabhakar in the movie Drishyam 3.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more