| Thursday, 4th June 2026, 9:15 pm

ആ സീന്‍ അടുത്ത ഭാഗത്തിനുള്ള ക്ലൂവായിട്ട് വെച്ചതല്ല; ദൃശ്യം 4നെ കുറിച്ച് ജീത്തു ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ പ്രതീക്ഷയില്‍ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തുകയും ആ പ്രതീക്ഷകളെയൊന്നാകെ നിറവേറ്റുകയും ചെയ്ത ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് 21ന് തിയേറ്ററുകളിലെത്തിയ ദൃശ്യം 3. ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ പുതിയ തലം സമ്മാനിച്ചുകൊണ്ട് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിനോട് നീതി പുലര്‍ത്തിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംവിധായകന്‍ അണിയിച്ചൊരുക്കിയത്. ദൃശ്യം ഫ്രാഞ്ചൈസിക്കൊപ്പം മോഹന്‍ലാല്‍ എന്ന മലയാളത്തിലെ ഏറ്റവും മൂല്യമേറിയ താരത്തിന്റെ സ്റ്റാര്‍ഡവും ഒത്തുചേര്‍ന്നപ്പോള്‍ ചിത്രം നിഷ്പ്രയാസം 200 കോടി പിന്നിടുകയായിരുന്നു.

ദൃശ്യം 3. Photo: IMDB

ചിത്രത്തിന് ഒരു നാലാം ഭാഗം ഉണ്ടാകുമെന്ന പ്രതീതി ഉളവാക്കി കൊണ്ടായിരുന്നു സംവിധായകന്‍ ദൃശ്യം 3 അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനുള്ള സാധ്യതകളെ കുറിച്ചും ഇത്തരത്തില്‍ ചിത്രം അവസാനിപ്പിക്കാനുണ്ടായ സാധ്യതയെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘അവസാനത്തെ രംഗം സ്‌പോയിലര്‍ ആവും എന്നതിനാല്‍ അതിനെ കുറിച്ചെനിക്ക് തുറന്ന് പറയാന്‍ സാധിക്കില്ല. ഒരു വ്യക്തി ഒരു കാര്യത്തിന് ഇറങ്ങി തിരിച്ച് അതില്‍ നിന്നും ഒരു റിസല്‍ട്ട് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ഒരു തരത്തില്‍ അദ്ദേഹം വിജയിക്കുന്നുണ്ട്. അതുകൊണ്ട് ഗുണമുണ്ടായോ എന്ന് നമ്മള്‍ കമ്യൂണിക്കേറ്റ് ചെയ്യേണ്ടതുണ്ട്. അതിന് വേണ്ടി എഴുതിയ സീനാണത്. സ്വാഭാവികമായിട്ടും സംസാരിക്കാതിരുന്ന വ്യക്തി സംസാരിച്ചു.

പക്ഷേ ആ സംസാരത്തില്‍ നമ്മള്‍ ഒരു കാര്യം കൂടെ ചെയ്തുവെച്ചത് എന്താണെന്ന് വെച്ചാല്‍ ആ വ്യക്തിക്ക് ഇപ്പോഴും മറ്റൊരു മാനസികാവസ്ഥയാണെന്ന് പ്രേക്ഷകരിലേക്ക് എത്തിച്ചു. പിന്നീട് ചര്‍ച്ചകളെല്ലാം വന്ന് കഴിഞ്ഞപ്പോള്‍ ആന്റണി നാലാം ഭാഗമെന്ന് പറയുന്നു മറ്റുള്ളവരും അടുത്ത ഭാഗമുണ്ടാകുമെന്ന് പറയുന്നു, പക്ഷേ ഞാന്‍ പറഞ്ഞത് എനിക്കറിയില്ലെന്നായിരുന്നു. അങ്ങനെ ചുമ്മാ പിള്ളേരെല്ലാം കൂടെ പറഞ്ഞതാണ് നമുക്ക് ഡയറക്ടര്‍ കാര്‍ഡ് കഴിഞ്ഞിട്ട് ഈ സീന്‍ വെക്കാം, അതിന് വേറെയൊരു ഫീലുണ്ടെന്ന് പറഞ്ഞിട്ട് ഇട്ടതായിരുന്നു.

ദൃശ്യം 3. Photo: District

അതുകൊണ്ട് തന്നെ എല്ലാവരും നാലാം ഭാഗമെന്നുള്ള കണ്‍ഫേര്‍മേഷനായി അതെടുത്തിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു സ്ഥിരീകരണം നല്‍കാന്‍ എനിക്ക് സാധിക്കില്ല. കാരണം എനിക്കൊന്നും കിട്ടിയിട്ടില്ല, എനിക്കറിയില്ല. എന്നുവെച്ച് ഞാന്‍ ശ്രമിക്കില്ലെന്നല്ല. നല്ലൊരു എക്‌സട്രാ ഓര്‍ഡിനറി സാധനം കിട്ടിയാല്‍ ഞാന്‍ ശ്രമിക്കും. ഇല്ലെങ്കില്‍ ഇല്ല,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph talks about the chances for Drishyam 4

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more