മലയാള സിനിമക്ക് സസ്പെൻസ് ത്രില്ലറുകളുടെ പുത്തൻ അനുഭവം സമ്മാനിച്ച പ്രിയ എഴുത്തുകാരനും സംവിധായകനുമാണ് ജീത്തു ജോസഫ്. 2007-ൽ പുറത്തിറങ്ങിയ ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലറിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം, പിന്നീട് തന്റേതായ ഒരു ശൈലിയിലൂടെ പ്രേക്ഷകമനസുകളിൽ ഇടം നേടുകയായിരുന്നു.
‘മമ്മി ആൻഡ് മി’, ‘മൈ ബോസ്’, ‘മെമ്മറീസ്’, ‘ദൃശ്യം 1, 2’, ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജീത്തു ജോസഫ്, ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’യുടെ വിജയാഘോഷത്തിലാണ്.
ജീത്തു ജോസഫ് സിനിമകൾ .Photo: IMDB
ക്രൈം, ഇൻവെസ്റ്റിഗേഷൻ, സസ്പെൻസ് ത്രില്ലർ ജോണറുകളിലുള്ള സിനിമകളാണ് ജീത്തു ജോസഫിന്റേത് ഭൂരിഭാഗവും. അതുകൊണ്ടുതന്നെ നിയമപരവും സാങ്കേതികവുമായ നിരവധി ഘടകങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കൃത്യതയോടെ കാണാൻ സാധിക്കും. ഇപ്പോഴിതാ ‘ദൃശ്യം 3′ യുടെ വിജയത്തെക്കുറിച്ചും തന്റെ സിനിമകളുടെ എഴുത്തുരീതികളെക്കുറിച്ചും മനസ് തുറക്കുകയാണ് അദ്ദേഹം.
ദൃശ്യം’ സിനിമയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു കൊലപാതക അന്വേഷണത്തിന്റെ നാൾവഴികൾ കാണിക്കുമ്പോൾ, പ്രേക്ഷകർക്ക് അതിൽ നിന്നും ഒട്ടനവധി അറിവുകൾ ലഭിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഈ മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്, കൃത്യമായ അന്വേഷണങ്ങൾ നടത്തിയാണ് ഇത്തരം വിവരങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന് അദ്ദേഹം.
ദൃശ്യം 3.Photo:IMDB
‘സൈജു കുറുപ്പ് നായകനായി എത്തിയ ‘ഭരതനാട്യം 2 മോഹിനിയാട്ടം’ എന്ന സിനിമയിൽ, ഒരു കൊലപാതകം നടന്ന ശേഷം രക്ഷപ്പെടാനുള്ള നിയമപരമായ ലൂപ്പ് ഹോളുകൾ ചോദിച്ചറിയാൻ അദ്ദേഹം ഒരു പോലീസുകാരനെ വിളിക്കുന്ന രംഗമുണ്ട്. സമാനമായ രീതിയിൽ, കഥയെഴുതുമ്പോൾ സംശയങ്ങൾ തീർക്കാൻ ഞാനും പോലീസുകാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിക്കാറുണ്ട്. ‘റാം’ എന്ന ചിത്രത്തിനായി ഇന്ത്യയുടെ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരുമായി സംസാരിച്ച് പല കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. ജീത്തു ജോസഫ് പറഞ്ഞു.
നിയമപരവും ഔദ്യോഗികവുമായ എല്ലാവിധ സഹായങ്ങളും തേടാറുണ്ടെങ്കിലും സിനിമ ഒരിക്കലും റിയൽ ലൈഫ് അല്ലെന്നും സിനിമ സിനിമ മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ‘ഒരു ചെറിയ ഐഡിയ കിട്ടിയാൽ അതിൽപ്പിടിച്ച് കുറച്ച് കേറ്റി അടിച്ചങ്ങ് വിടും’ എന്ന് ചിരിയോടെ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
Content Highlight: Jeethu Joseph Talks about script writing of his movies