മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നാണ് ‘ദൃശ്യം’. കുടുംബത്തിനായി എന്തും ചെയ്യാൻ തയ്യാറാകുന്ന ജോർജ് കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇന്നും അതേ തീവ്രതയോടെ നിലകൊള്ളുകയാണ്.
ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചും പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
‘ദൃശ്യം’ ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് നിരവധി പെൺകുട്ടികൾ തനിക്കൊപ്പമെത്തി പറഞ്ഞ ഒരു പ്രത്യേക അനുഭവത്തെക്കുറിച്ചാണ് ജീത്തു ജോസഫ് പറയുന്നത്. സിനിമയിലെ ഒരു ചെറിയ സീനാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ സ്പർശിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഡയലോഗുകൾ ഒന്നുമില്ലാതെ പശ്ചാത്തല സംഗീതം മാത്രം ഉപയോഗിച്ച ആ രംഗത്തിൽ, പൊലീസ് ജീപ്പ് എത്തുമ്പോൾ പേടിച്ച് നിൽക്കുന്ന മകളുടെ മുന്നിലേക്ക് ഓടി എത്തി എസ്.ഐയുടെയും മകളുടെയും ഇടയിൽ കയറി നിൽക്കുന്ന ജോർജ് കുട്ടിയെയാണ് കാണിക്കുന്നത്.
‘ആ സിനിമ എന്താണെന്ന് ആ ഒരു ഷോട്ടിൽ തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. അത് പറയുമ്പോൾ ഇപ്പോഴും എനിക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്,’ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.
ആ രംഗം കണ്ടപ്പോൾ തങ്ങൾക്ക് ഒരു പ്രത്യേക അനുഭവം ഉണ്ടായെന്ന് നിരവധി പെൺകുട്ടികൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങളുടെ അച്ഛനും അങ്ങനെയാണ്, ഞാൻ എന്ന് പറഞ്ഞാൽ മരിക്കും എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ഫീൽ കിട്ടുമ്പോഴാണ് അവർ ആ സിനിമയെ സ്നേഹിക്കുന്നത്.
ജോർജ് കുട്ടിയെ പോലെ ഒരു അച്ഛനെ വേണമെന്ന് ഏത് പെൺകുട്ടിയും ആഗ്രഹിക്കും,’ എന്നും ജീത്തു ജോസഫ് പറഞ്ഞു. മോഹൻലാൽ അവതരിപ്പിച്ച ജോർജ് കുട്ടി എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ മീന, അൻസിബ ഹസൻ, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Jeethu Joseph talks about Mohanlal’s character in the movie Drishyam.