| Sunday, 19th April 2026, 9:08 pm

വളരെയധികം സങ്കടമുണ്ട്, രണ്ട് ഭാഗങ്ങളും ഒന്നിച്ചെടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്; റാമിനെക്കുറിച്ച് ജീത്തു ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

2013 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ത്രില്ലര്‍ ചിത്രങ്ങളുടെ മേക്കിങ്ങില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ജീത്തു ജോസഫ്. 2007 ല്‍ പുറത്തിറങ്ങിയ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജീത്തു ഒട്ടനവധി മികച്ച ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും മെമ്മറീസും നേരും അടക്കം ഇതില്‍ ഭൂരിഭാഗവും ത്രില്ലര്‍ ചിത്രങ്ങളാണെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

2021 ല്‍ ഒ.ടി.ടി റിലീസായെത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ പ്രശംസ നേടിയതോടെ ചിത്രത്തിന് മൂന്നാം ഭാഗവുമായി തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ് ജീത്തു ജോസഫ്. മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ചിത്രം മെയ് 22നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇപ്പോഴിതാ ജീത്തു ജോസഫ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ പല കാരണങ്ങളാല്‍ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത തന്റെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം റാമിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

റാം. Photo: Book My Show

‘റാം ചില ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങളില്‍ പെട്ട് കിടക്കുകയാണ്. ഏറെ സങ്കടമുള്ള വിഷയമാണത്. ഒത്തിരി എഫേര്‍ട്ട് ഇട്ട് ഒത്തിരി പണം മുടക്കിയ പ്രൊജക്ടാണത്. പക്ഷേ പ്രൊഡ്യൂസേഴ്‌സ് തീരുമാനിക്കണം. യു.കെ, മൊറോക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഷൂട്ട് ചെയ്തു. ഇനി കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. റെസ്യൂം ചെയത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്റെ പ്രശ്‌നമില്ല.

ഹെവി ആയിട്ടുള്ള അല്ലെങ്കില്‍ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല ഈ സിനിമ. ഒരാളുടെ ജേര്‍ണി പറയുന്ന ഒരുപാട് ഇമോഷന്‍സുള്ള അതോടൊപ്പം രസകരമായ ആക്ഷന്‍ സ്വീകന്‍സുള്ള ചിത്രമാണിത്. പക്ഷേ വേറെ മൂഡിലാണ് ഞങ്ങളത് പറയാന്‍ ഉദ്ദേശിക്കുന്നത്. ഇതൊരു ടു പാര്‍ട്ട് ഫിലിമാണ്. പക്ഷേ അത് ഒന്നിച്ചെടുത്തുപോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്.

പക്ഷേ യു.കെയില്‍ തന്നെ ഫസ്റ്റും സെക്കന്റുമുണ്ട്. അതുകൊണ്ട് അവിടെ പോയപ്പോള്‍ തന്നെ രണ്ട് ഭാഗവും ഒരുമിച്ച് ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി പിന്നീട് ഇന്ത്യയില്‍ വന്നു. ഇതെല്ലാം കൂടി വന്നപ്പോള്‍ ഷൂട്ടിങ്ങ് നിര്‍ത്തുകയായിരുന്നു. 20-25 ദിവസമുണ്ടെങ്കില്‍ ചിത്രത്തിന്റെ ഫസ്റ്റ് പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ സെക്കന്റും പൂര്‍ത്തിയാക്കാം ടോട്ടല്‍ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്,’ജീത്തു ജോസഫ് പറഞ്ഞു.

റാം. Photo: TOI

മോഹന്‍ലാലിനെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2020 ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രമായിരുന്നു റാം. പിന്നീട് കൊവിഡ് പ്രതിസന്ധികള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയും തുടര്‍ന്ന് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് റാം അനിശ്ചിതത്ത്വത്തിലാവുകയുമായിരുന്നു.

Content Highlight: Jeethu Joseph talks about his Mohanlal Starrer Movie Ram

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more