| Tuesday, 8th July 2025, 9:22 am

ഫിലിം മേക്കിങ്ങിനെ കുറിച്ച് എനിക്ക് വലിയ ധാരണ ഇല്ല; എനിക്ക് തോന്നിയത് പോലെയാണ് ഞാന്‍ സിനിമ ചെയ്യുന്നത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം തുടങ്ങിയ മികച്ച സിനിമകളിലൂടെ ജീത്തു മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ച ഒന്നാണ് ദൃശ്യം. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ തന്റെ ഫിലിം മേക്കിങ് പ്രോസസിനെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. താന്‍ ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ തനിക്ക് ഫിലിം മേക്കിങ്ങിനെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഇഷ്ടമുള്ള രീതിയിലാണ് താന്‍ സിനിമ ചെയ്യുന്നതെന്നും അതിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും ജീത്തു പറയുന്നു.

നമ്മളുടേതായ രീതിയില്‍ സിനിമ ചെയ്യുന്നതാണ് എപ്പോഴും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിം മേക്കിങ്ങിനെ കുറിച്ച് ചില നിയമങ്ങള്‍ ആദ്യമേ പഠിച്ചാല്‍ അത് പിന്നീട് വലിയ ബുദ്ധിമുട്ടാണെന്നും തങ്ങളുടേതായ ഒരു ശ്രമം അതിലേക്ക് കൊണ്ടുവരാന്‍ പേടി തോന്നുമെന്നും ജീത്തു പറഞ്ഞു. മുമ്പ് റെഡ് എഫ്. എമ്മിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരുപാട് സിനിമകള്‍ അസിസ്റ്റ് ചെയ്തിട്ടില്ല. ഒരു സിനിമയേ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെ ഫിലിം മേക്കിങ്ങിനെ കുറിച്ച് എനിക്ക് വലിയ ധാരണയൊന്നും ഇല്ല. എനിക്ക് തോന്നിയത് പോലെയാണ് ഞാന്‍ ചെയ്യുന്നത്. എന്റെ തോന്നലിലൂടെയാണ് ഞാന്‍ യാത്ര ചെയ്യുന്നത്. അതായിരിക്കും എപ്പോഴും നല്ലത്. അത് നല്ല രീതിയില്‍ വന്നാല്‍ പോസിറ്റീവാകും.

കുറച്ച് നിയമങ്ങള്‍ നമ്മള്‍ പഠിച്ചാല്‍ വലിയ പ്രശ്‌നമാണ്. പിന്നെ അതിനകത്ത് ഒരോന്ന് ചെയ്യാന്‍ പേടിയാകും. പലര്‍ക്കും പറ്റുന്നത് അവര്‍ വര്‍ഷങ്ങളോളം അസിസ്റ്റ് ചെയ്തിട്ട്, അവരുടെ സീനിയര്‍ അല്ലെങ്കില്‍ ഗുരു ചെയ്യുന്നത് കണ്ട് അത് മനസില്‍ പതിഞ്ഞുപോകും. പിന്നെ നമ്മള്‍ ചെയ്യുമ്പോള്‍ ആ സ്‌റ്റൈല്‍ മാറാന്‍ ഒരു പ്രയാസമുണ്ടാകും. ഇത് തെറ്റാണോ എന്നൊരു ഫീല്‍ വരും,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight:  Jeethu Joseph talks about his filmmaking process.

We use cookies to give you the best possible experience. Learn more