സസ്പെൻസ് ത്രില്ലർ സിനിമകളെന്നാൽ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് സംവിധായകൻ ജീത്തു ജോസെഫിന്റെത്. ദൃശ്യം എന്ന ബ്രാൻഡിലൂടെ പ്രേക്ഷകരുടെ വിശ്വാസം നേടിയ സംവിധായകന്റെ ഓരോ പുതിയ ചിത്രവും വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം സ്വീകരിക്കുന്നത്.
എന്നാൽ തന്റെ എല്ലാ സിനിമകളും എല്ലാവരും കണ്ണടച്ച് സ്വീകരിക്കുന്നില്ലെന്നും, ചില താരങ്ങൾ തന്റെ സിനിമകൾ റിജെക്റ്റ് ചെയ്തിട്ടുണ്ടെന്നും അത് തനിക്ക് ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് ജീത്തു ജോസഫ്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഈ കാര്യം പറഞ്ഞത്.
ലിയോണ ലിഷോയ്, Photo: Leona Lishoy/ Facebook
‘ജീത്തു ജോസഫ് സിനിമ’ എന്ന് കേൾക്കുമ്പോൾ എല്ലാവരും ഉടൻ സമ്മതിക്കുന്നവരല്ല. എന്റെ സിനിമ റിജെക്റ്റ് ചെയ്ത വ്യക്തിയാണ് ലിയോണ ലിഷോയ്. അതിനെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ എഴുതുന്നതെല്ലാം മഹത്തരമാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, വിശ്വസിക്കുന്നുമില്ല,’ ജീത്തു ജോസഫ് പറഞ്ഞു.
വീണ നന്ദകുമാർ, Photo: Veena Nadakumar/ Facebook
ഒരു സ്ക്രിപ്റ്റ് നൽകുമ്പോൾ പലരും അത് നിരസിക്കാറുണ്ടെന്നും, അത്തരം പ്രതികരണങ്ങൾ താൻ സ്വാഭാവികമായി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘വീണ നന്ദകുമാർ എന്റെ ഒരു സ്ക്രിപ്റ്റ് റിജെക്റ്റ് ചെയ്തു. ‘സാർ, ഇത് എനിക്ക് വർക്ക് ആവില്ല’ എന്നാണ് പറഞ്ഞത്. ഞാൻ അതിനെ സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട് അമ്മ പറഞ്ഞത് കേട്ട് ഖേദം പ്രകടിപ്പിച്ചപ്പോൾ, സത്യസന്ധമായി കാര്യം പറഞ്ഞതുകൊണ്ടാണ് എനിക്ക് സന്തോഷമെന്ന് ഞാൻ പറഞ്ഞു. ഇതേ നിലപാടാണ് ലിയോണയോടും ഞാൻ പറഞ്ഞത്,’ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
വലതു വശത്തെ കള്ളൻ, Photo: IMDb
അതേസമയം, ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘വലതു വശത്തെ കള്ളൻ’ റിലീസിനൊരുങ്ങുകയാണ്. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്നതാണ് ടാഗ് ലൈൻ.
ജനുവരി 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ജീത്തു ജോസഫ് ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
Content Highlight: Jeethu Joseph talks about his film being rejected