| Sunday, 19th April 2026, 11:30 pm

വാക്ക് പാലിച്ചില്ല, തെണ്ടിത്തരമാണ് കാണിച്ചതെന്ന് ഫോണ്‍ വിളിച്ച് പറഞ്ഞു: ജീത്തു ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

ത്രില്ലര്‍ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കിടയില്‍ സ്ഥാനം നേടിയ വ്യക്തിയാണ് ജീത്തു ജോസഫ്. 2008 ല്‍ പുറത്തിറങ്ങിയ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് അറിയപ്പെടുന്ന തിരക്കഥാകൃത്തുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും സംവിധായകനായി പ്രവര്‍ത്തിച്ച സംവിധായകന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം.

ദൃശ്യം. Photo: IMDB

ഇന്ത്യയിലും മറ്റ് വിദേശ ഭാഷകളിലുമായി ഒട്ടനവധി തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്റെ മൂന്നാം ഭാഗം മെയ് 22 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ താരം പങ്കുവെച്ച ഒരു അനുഭവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ആരോടെങ്കിലും വാക്ക് പറഞ്ഞാല്‍ എന്റെ വാക്ക് പാലിക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ എന്നോട് ഒരാള്‍ പറഞ്ഞ വാക്ക് മാറിയാല്‍ ഞാന്‍ അപ്‌സെറ്റ് ആവും. എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റാണെങ്കില്‍ എനിക്ക് മിണ്ടാനും കഴിയില്ല. കാരണം അയാള്‍ പെര്‍ഫോം ചെയ്യേണ്ടതാണ്. ഒരു ഉദാഹരണം പറഞ്ഞാല്‍ ഒരു ദിവസം രാവിലെ ഷൂട്ടിങ് നടക്കാനുണ്ടായിരുന്നു. പത്ത് മണിക്ക് വരാമെന്നായിരുന്നു ആര്‍ട്ടിസ്റ്റ് ഏറ്റിരുന്നത്.

രാവിലെ വിളിച്ചപ്പോള്‍ പുള്ളി വേറെയൊരു ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സീനിയര്‍ ആര്‍ട്ടിസ്റ്റാണ്, ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ വിളിച്ചു. തെണ്ടിത്തരമാണ് കേട്ടോ കാണിച്ചത്, ഭയങ്കര ബോറായിപ്പോയി എന്ന് പറഞ്ഞു. അല്ല ജീത്തു അങ്ങനെ പറ്റിപോയതാണെന്ന് പറഞ്ഞ് അദ്ദേഹം ഓരോ കാരണങ്ങള്‍ പറയാന്‍ തുടങ്ങി. അത് നേരത്തേ പറയണെമന്നായിരുന്നു ഞാന്‍ പറഞ്ഞത്. കാരണം എനിക്കത് അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു.

ഹിന്ദി ചിത്രമായ ദ ബോഡി ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ഋഷി കപൂര്‍ സാറുമായിട്ട് എനിക്ക് ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം എട്ട് മണികഴിഞ്ഞാല്‍ ഷൂട്ടിന് നില്‍ക്കില്ല. ഭയങ്കരമായി ദേഷ്യം വരും. പക്ഷേ ചിത്രത്തിന്റെ ഡേറ്റ് വല്ലാതെ നീണ്ടുപോയപ്പോള്‍ അദ്ദേഹത്തോട് രാത്രി വൈകിയും നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ പ്രൊഡക്ഷന്‍ ടീം എന്നോട് ആവശ്യപ്പെട്ടു. കാരണം എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയായിരുന്നു,’ ജീത്തു പറയുന്നു.

ദ ബോഡി. Photo: Heaven Of Horror

ഒരു പതിനൊന്ന് മണിവരെ നില്‍ക്കാമോ എന്നായിരുന്നു താന്‍ ചോദിച്ചതെന്നും അദ്ദേഹം അതിന് സമ്മതിക്കുകയും പറഞ്ഞതിലും മുമ്പ് ഷൂട്ട് തീര്‍ക്കുകയും ചെയ്‌തെന്നും ജീത്തു പറയുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പതിനൊന്നെന്നുള്ളത് പന്തണ്ടും ഒരുമണിയും ആക്കിയെന്നും എന്നാലും പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ത്തതിനാല്‍ അദ്ദേഹം സഹകരിച്ചെന്നും സംവിധായകന്‍ പറഞ്ഞു. പറഞ്ഞ വാക്ക് പാലിച്ചതിനാല്‍ ഋഷി കപൂറിന് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Jeethu Joseph talks about his experience with rishi Kapoor

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more