നിലവില്‍ മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് 21ന് പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ദൃശ്യം ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നായിരുന്നു. 2021 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴും ആദ്യഭാഗത്തോട് നീതി പുലര്‍ത്തും വിധം സസ്പെന്‍സുകള്‍ നിറച്ചായിരുന്നു സംവിധായകന്‍ ദൃശ്യം 2 ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗവുമായെത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കാണാം.
ദൃശ്യം. Photo: Wikipedia
സംവിധയകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന് പറയാവുന്ന ദൃശ്യത്തിന്റെ ആദ്യ ഭാഗം ചിത്രീകരിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാലിന്റെ അഭിനയമികവിനെ കുറിച്ച് ജീത്തു സംസാരിച്ചത്.
‘മോഹന്‍ലാല്‍ സാറിനൊപ്പം ദൃശ്യത്തിലാണ് ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. അന്നെനിക്ക് തോന്നിയത് ഇതെന്താ സാറിങ്ങനെ ഒരു താത്പര്യമില്ലാത്ത പോലെ നില്‍ക്കുന്നതെന്ന് ആലോചിച്ച് എനിക്ക് കണ്‍ഫ്യൂഷനായി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ചോദിച്ചു സാറിന് ഈ പ്രൊജക്ടില്‍ വല്ല താത്പര്യക്കുറവുമുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു അങ്ങനെ വരാന്‍ വഴിയില്ല ആന്റണിയുടെ കമ്പിനി തന്നെയല്ലേ ചിത്രം നിര്‍മിക്കുന്നത്.
എന്താ ചോദിക്കാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ സാറിന് ഒരു താത്പര്യമില്ലാത്ത പോലെ തോന്നിയെന്നായിരുന്നു പറഞ്ഞത്. പക്ഷേ ക്യാമറയില്‍ കാണുന്ന പോലെ അല്ല, നമ്മള്‍ ഇത് എഡിറ്റ് ചെയ്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തിന് കിട്ടുന്ന തുടര്‍ച്ച വിശ്വസിക്കാന്‍ സാധിക്കാത്തതാണ്. കാരണം ഞാന്‍ പലപ്പോഴും സിനിമ തുടര്‍ച്ചയിലല്ല ഷൂട്ട് ചെയ്യുന്നത്. ചിലപ്പോള്‍ സിനിമ തുടങ്ങി നാലഞ്ച് ദിവസം കഴിയുമ്പോള്‍ ക്ലൈമാക്‌സെല്ലാം ഷൂട്ട് ചെയ്യും.
അഭിമുഖത്തില്‍ നിന്നും. Photo: Screen Grab/ Aashirvadh Cinemas/ Youtube.com
അദ്ദേഹം കഥ വായിച്ച് കഥാപാത്രത്തിന്റെ തുടര്‍ച്ചയെല്ലാം കൃത്യമായി മനസിലാക്കിയിട്ടുണ്ടാകും പക്ഷേ ഇതൊന്നും നമുക്ക് കണ്ടാല്‍ മനസിലാവില്ല. ഷോട്ടിന് മുമ്പ് അവിടെ തമാശ പറഞ്ഞിരിക്കുകയായിരിക്കും. ഷോട്ട് വിളിച്ചാല്‍ പെട്ടെന്ന് ആള് മാറും. കട്ട് ചെയ്ത് കഴിയുമ്പോള്‍ തിരിച്ച് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുവരും. ഇപ്പോള്‍ എനിക്ക് മനസിലായി നമുക്ക് വേണ്ട സാധനം സമയമാകുമ്പോള്‍ വരും എന്നുള്ളത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph talks about his experience with Mohanlal in Drishyam 3 set