| Tuesday, 19th May 2026, 12:32 pm

ആ കഥയ്ക്ക് എന്റെ വീട്ടിൽ നടന്ന ഒരു സംഭവവുമായി ബന്ധമുണ്ട്: ജീത്തു ജോസഫ്

കെ.എസ് ഷാബിന

മലയാള സിനിമയിലെ സസ്‌പെൻസ് ത്രില്ലറുകൾക്ക് പുത്തൻ നിർവചനം നൽകിയ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാനാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫ്. 2007-ൽ പുറത്തിറങ്ങിയ ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലറിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം, പിന്നീട് മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

‘മമ്മി ആൻഡ് മി’, ‘മൈ ബോസ്’, ‘മെമ്മറീസ്’, ‘ദൃശ്യം 1’, ‘ദൃശ്യം 2’, ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജീത്തു ജോസഫ്, ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’ യുടെ ആവേശത്തിലാണ്.
ഇപ്പോൾ, സിനിമാലോകത്തേക്കുള്ള തന്റെ ആദ്യകാല ചുവടുവെപ്പുകളെ കുറിച്ചും കരിയറിന്റെ തുടക്കത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ജീത്തു ജോസഫ് . ‘വനിത’യ്ക്ക് നൽകിയ തന്റെ കുടുംബവുമൊത്തുള്ള ഒരു അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഈ ഓർമ്മകൾ പങ്കുവെച്ചത്.

ജീത്തു ജോസഫും കുടുംബവും.Photo:Vanitha

താൻ ആദ്യമായി എഴുതിയ സ്ക്രിപ്റ്റ് ഒരു സിനിമയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല എന്നും, അത് ദൂരദർശന് വേണ്ടി 13 എപ്പിസോഡുകളുള്ള ഒരു പരമ്പരയായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. എന്നാൽ അന്നത്തെ കാലത്ത് ദൂരദർശനുമായി ബന്ധപ്പെടണമെങ്കിൽ വലിയ സ്വാധീനം ആവശ്യമായിരുന്നു. പല വഴികളിലൂടെ അത് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആ നിരാശയിലും അമർഷത്തിലും ദേഷ്യത്തിലും ഒടുവിൽ ആ സ്ക്രിപ്റ്റ് കത്തിച്ചുകളയുകയായിരുന്നു എന്നും ജീത്തു ജോസഫ് ഓർത്തെടുക്കുന്നു.

അന്ന് എഴുതിയ ആ കഥയ്ക്ക് സ്വന്തം വീട്ടിൽ നടന്ന ഒരു സംഭവവുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ചേട്ടന്റെ ബിസിനസുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളായിരുന്നു കഥയുടെ ആധാരം എന്നും അദ്ദേഹം പറഞ്ഞു.

‘കോളേജ് പഠനകാലം ആഘോഷിച്ചു നടന്നിരുന്ന ഒരു പയ്യൻ, പെട്ടെന്ന് അച്ഛൻ മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ബിസിനസ്സ് ഏറ്റെടുക്കേണ്ടി വരുമ്പോൾ, പഠനം നിർത്തി, ഒരു സഹോദരിയടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ ആ ബിസിനസിൽ വലിയ പ്രതിസന്ധികൾ നേരിടുന്നു. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നറിയാതെ ആ യുവാവ് നേരിടുന്ന വെല്ലുവിളികളായിരുന്നു ആ കഥയുടെ പശ്ചാത്തലം. ചേട്ടൻ ബിസിനസിൽ നേരിട്ട ചില നിയമപരമായ കേസുകളും ബുദ്ധിമുട്ടുകളും പ്രമേയമാക്കി , അതിലേക്ക് മറ്റ് ചില സിനിമാറ്റിക് ഘടകങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ആ സ്റ്റോറി ഡെവലപ്പ് ചെയ്തത്’. ജീത്തു പറയുന്നു.

ഡിറ്റക്റ്റീവ്.മെമ്മറീസ്,മമ്മി ആൻഡ് മി.Photo:Wikepedia/Imdb

തന്റെ ആദ്യ റിലീസായ ‘ഡിറ്റക്റ്റീവ്’ എന്ന സിനിമയുടെ തിരക്കഥാ രചനയെക്കുറിച്ചും അദ്ദേഹം തമാശയോടെ ഓർത്തെടുത്തു.
‘അക്കാലത്ത് വീട്ടിൽ റബ്ബർ കൃഷിയായിരുന്നു. റബ്ബർ വെട്ടാനും മറ്റ് ജോലികൾക്കും ആളുകളുണ്ടായിരുന്നതിനാൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റബ്ബർ ഷീറ്റ് വിൽക്കുക, പണം വാങ്ങി ബാങ്കിലിടുക, സുഖമായി ജീവിക്കുക എന്നതായിരുന്നു അന്നത്തെ ദിനചര്യ. അങ്ങനെ വീട്ടിൽ വെറുതെയിരുന്ന ആ സമയത്താണ് ‘ഡിറ്റക്റ്റീവ്’, ‘മമ്മി ആൻഡ് മി’ എന്നീ സിനിമകളുടെ സ്ക്രീൻ ഓർഡർ എഴുതിവെക്കുന്നത്.’ ജീത്തു ഓർത്തെടുത്തു.

ഈ എഴുത്താണ് പിന്നീട് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്. ഇന്ന് ആ സ്‌ക്രീൻ ഓർഡറുകൾ ദൃശ്യവിസ്മയങ്ങളായി മാറുമ്പോൾ, സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ‘ദൃശ്യം 3’ എന്ന ക്ലാസിക് ത്രില്ലറിന് വേണ്ടിയാണ്.

Content Highlight: Jeethu Joseph talks about his cinema career

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more