മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് ‘ദൃശ്യം’. മലയാളി പ്രേക്ഷകർക്ക് അവിസ്മരണീയമായ ഒരു ക്ലാസിക് സിനിമാ അനുഭവം സമ്മാനിച്ചാണ് ജീത്തു ജോസഫ് ദൃശ്യം അണിയിച്ചൊരുക്കിയത്. അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ‘ജോർജുകുട്ടി’ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന നടനിലൂടെ വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റിയത്.
‘ദൃശ്യം 3’ തിയേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും പങ്കുവെക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമ മികച്ച അഭിപ്രായങ്ങൾ നേടി കുതിക്കുമ്പോഴും, ഒരു വശത്ത് മൂന്നാം ഭാഗം ഉൾക്കൊള്ളാനാവാത്തവരും ‘ദൃശ്യം 3’ തന്നെ വേണ്ടിയിരുന്നില്ല എന്ന് പറയുന്നവരും ഉണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു.
ദൃശ്യം.Photo;Variety
ദൃശ്യം സിനിമ തന്റേത് മാത്രമാണെന്നും, അതിലേക്ക് മറ്റാരുടെയും അഭിപ്രായം സ്വീകരിക്കില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യത്തിനായി ഒരുപാട് പേർ മെയിൽ വഴി കഥകൾ അയച്ചുതന്നിട്ടുണ്ട്. ഒന്നാം ഭാഗം കഴിഞ്ഞപ്പോൾ തന്നെ നിരവധി പേർ അയച്ചു. എന്നാൽ ‘രണ്ടാം ഭാഗത്തിന്റെ സ്റ്റോറി’ എന്ന് കാണുമ്പോൾത്തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്യും, അതൊന്നും തുറന്നു നോക്കാറില്ല.
ഈ അടുത്ത് ‘ദൃശ്യം 3’ ഇറങ്ങിയപ്പോൾ, മൂന്നാം ഭാഗത്തിന്റെ കഥ മറ്റൊരാൾ എനിക്ക് മുൻപ് അയച്ചിട്ടുണ്ടെന്നും, അതിലെ ആശയം എടുത്താണ് സിനിമ ചെയ്തതെന്നും, എന്നാൽ ക്രെഡിറ്റിൽ അയാളുടെ പേര് വെച്ചില്ലെന്നുമുള്ള രീതിയിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു. അങ്ങനെ ആര് കഥ അയച്ചാലും ഞാൻ എടുക്കില്ല, അത് ശരിയായ കാര്യമല്ല.
ദൃശ്യം 3.Photo;The New Indian Expresss
എനിക്ക് എന്റേതായ ഐഡിയയിലൂടെ വർക്ക് ചെയ്തു പോകാനാണ് ഇഷ്ടം. ഞാൻ ഒരു ഐഡിയ എടുത്തിട്ട് അതിൽ മറ്റൊരാളെക്കൂടി ചേർത്ത് വർക്ക് ചെയ്യുന്നത് ശരിയല്ല. അതുകൊണ്ട് തന്നെ ആരും എനിക്ക് കഥകൾ അയക്കാൻ നിൽക്കേണ്ടതില്ല.’ ജീത്തു ജോസഫ് പറയുന്നു.
‘ദൃശ്യം 3’ നിറഞ്ഞ കയ്യടികളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഈ മൂന്നാം വരവും മലയാളികൾ ആഘോഷമാക്കി മാറ്റുകയാണ്. കേരളത്തിന് പുറമെ ആഗോളതലത്തിലും ബോക്സ് ഓഫീസിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ് ചിത്രം
Content Highlight: Jeethu Joseph talks about drishyam 3 movie