| Saturday, 9th May 2026, 10:16 pm

ഫസ്റ്റിലും സെക്കന്റിലും തന്റെ പിന്നാലെ ഉള്ളത് ആരാണെന്ന് ജോര്‍ജ് കുട്ടിക്ക് അറിയാമായിരുന്നു, മൂന്നില്‍ അതറിയില്ല: ജീത്തു ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തുന്ന അതിരടിയ്ക്കായി വമ്പന്‍ പ്രൊമോഷനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. എന്നാല്‍ അതിരടി സൃഷ്ടിച്ച എല്ലാ ഹൈപ്പിനെയും നിഷ്പ്രഭമാക്കി കൊണ്ടാണ് ജീത്തു ജോസഫിന്റെ ദൃശ്യം 3ക്കായുള്ള പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കിമട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയിലെ എല്ലാ ചര്‍ച്ചകളും ദൃശ്യം 3യ്ക്ക് പിന്നാലെയാകുകയും ചെയ്തിരുന്നു. ഇന്ന് വൈകീട്ടോടെ ചിത്രത്തിന്റെ ട്രെയ്‌ലറും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

ദൃശ്യം 3. Photo: IMDB

ദൃശ്യം 3യുടെ ട്രെയ്‌ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ഇവന്റില്‍ ചിത്രത്തിലെ ഉള്ളടക്കത്തെ കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് നല്‍കിയ സൂചനയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമിത പ്രതീക്ഷകളില്ലാതെ തിയേറ്ററുകളിലേക്കെത്താന്‍ പ്രേകഷകരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സംവിധായകന്റെ വാക്കുകള്‍.

‘ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ ഞാന്‍ കൂടതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജോര്‍ജ് കുട്ടിയുടെ ഇമോഷനിലും അയാളുടെ ഭയത്തിലുമാണ്. കാരണം ഫസ്റ്റിലും സെക്കന്റിലും നിന്നും മൂന്നാം ഭാഗത്തിന് ഇത്തവണ ഒരു വ്യത്യാസമുണ്ട്. തന്റെ പിന്നാലെ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ആര് എന്ന് ജോര്‍ജ് കുട്ടിക്ക് അറിയില്ല. ഫസ്റ്റിലും സെക്കന്റിലും ആരാണ് തന്റെ പിന്നാലെയെന്ന് വ്യക്തമായ ധാരണയുണ്ട്. പൊലീസും മറ്റൊരു കുടുംബവും അവരുടെ പിന്നാലെയുണ്ടായിരുന്നു.

രണ്ടാം ഭാഗത്തിന്റെ അവസാനം എങ്ങനെയാണെന്ന് എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ. പൊലീസിന്റെ അടുത്ത വരവ് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയാളെന്നും അതാണ് അയാളുടെ ശിക്ഷ എന്നും പറയുന്നുണ്ട്. സത്യത്തില്‍ അയാള്‍ ആ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പക്ഷേ അയാള്‍ക്ക് പോലും ഉറപ്പില്ല പൊലീസ് വരുമോ ഇല്ലയോ എന്ന്. ഇരുട്ടില്‍ തപ്പുകയാണ്. ശരിക്കും അപകടകരമായ സിറ്റുവേഷനാണ് അത്. അതുകൊണ്ട് ദൃശ്യം 3യില്‍ ജോര്‍ജ് കുട്ടിയുടെ ഇമോഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം 3. Photo: IMDB

പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യുന്ന എലമെന്റുകള്‍ തീര്‍ച്ചയായും ചിത്രത്തിലുണ്ടെന്നും എന്നാല്‍ അത് മാത്രമല്ല ദൃശ്യം 3യെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ഒരു പരിധിക്കപ്പുറത്തേക്ക് പ്രതീക്ഷകളുമായി ചിത്രം കാണാന്‍ വരരുതെന്നും അങ്ങനെ വന്നാല്‍ നിരാശരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Jeethu Joseph talks about  Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more