മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്ന ജീത്തു പിന്നീട് ദൃശ്യം അടക്കം ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. ഇപ്പോൾ തൻ്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മാതൃഭൂമി വാരാന്ത്യപ്പതിപ്പിനോട് സംസാരിക്കുകയാണ് ജീത്തു.
മിറാഷ് ഒരു ത്രില്ലർ സിനിമയാണെന്നും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപർണ ബാലമുരളിയാണെന്നും ജീത്തു ജോസഫ് പറയുന്നു. ഓൺലൈൻ ന്യൂസ് ചാനൽ സ്വന്തമായുള്ള റിപ്പോർട്ടറുടെ വേഷമാണ് ആസിഫ് അലി ചെയ്യുന്നതെന്നും വർഷങ്ങൾക്ക് മുമ്പ് ചർച്ചയിലേക്ക് വന്ന സിനിമയാണ് മിറാഷ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മിറാഷ് ഒരു ത്രില്ലർ സിനിമയാണ്, ത്രില്ലർ ഗണത്തിൽപ്പെടുത്താമെങ്കിലും ഇമോഷൻസിന് പ്രാധാന്യമുണ്ട്. കഥയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപർണ ബാലമുരളിയാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അവരുടെ യാത്രയാണ് സിനിമ, അന്വേഷണങ്ങൾ ഒരുഘട്ടം കഴിയുമ്പോൾ അവരിതുവരെ കണ്ടതും മനസിലാക്കിയതുമൊന്നുമല്ല യഥാർഥപ്രശ്നമെന്ന് തിരിച്ചറിയുന്നു.
സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ, മരീചിക പോലുള്ളൊരു കാഴ്ചയാണ് കഥയുടേത്. അപർണയുടെ സഞ്ചാരത്തിനൊപ്പം വന്നുചേരുന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്, ഓൺലൈൻ ന്യൂസ് ചാനൽ സ്വന്തമായുള്ള റിപ്പോർട്ടറുടെ വേഷമാണ് ആസിഫിന്റേത്. ഹന്ന റെജി കോശിയാണ് മറ്റൊരു വേഷം അവതരിപ്പിക്കുന്നത്. നാലഞ്ച് കൊല്ലം മുമ്പ് ചർച്ചയിലേക്കുവന്ന സിനിമയാണ് മിറാഷ്,’ ജീത്തു ജോസഫ് പറയുന്നു.
മിറാഷ്
അപർണ ബാലമുരളി, ആസിഫ് അലി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന താരങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിറാഷ്. ഇ. ഫോർ എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ. മേത്ത, ജതിൻ എം. സെഥി, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അപർണ ആർ. തരക്കാട് എഴുതിയ കഥക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.
Content Highlight: Jeethu Joseph Talking about His New Film Mirage