| Tuesday, 9th June 2026, 9:09 am

റാം സിനിമയുടെ ഭാവി എന്താകുമെന്ന് ഒരു പിടിയുമില്ല, ഫിനാൻഷ്യൽ പ്രശ്നങ്ങൾ കൊണ്ട് സ്റ്റക്ക് ആയി നിൽക്കുകയാണ്: ജീത്തു ജോസഫ്

നന്ദന എം.സി

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചതിന് ശേഷവും മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മറ്റ് ചില സിനിമകൾ റിലീസ് ചെയ്തിരുന്നെങ്കിലും, റാമിന്റെ റിലീസിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്.

കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് റാം സിനിമ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംവിധായകൻ മനസുതുറന്നത്. ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ തനിക്കുതന്നെ വ്യക്തതയില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

റാം, Photo: IMDb

‘റാം മൂവി കുറച്ച് ഫിനാൻഷ്യൽ പ്രശ്നങ്ങൾ കൊണ്ട് ഇങ്ങനെ സ്റ്റക്ക് ആയി നിൽക്കുകയാണ്. റാം സിനിമയുടെ ഭാവി എന്താണെന്നു ചോദിച്ചാൽ എനിക്ക് ഒരു പിടിയുമില്ല.

അതിന്റെ ആർട്ടിസ്റ്റിന്റെ ഡേറ്റിൽ പ്രശനമില്ല കാരണം കുറെ ആർട്ടിസ്റ്റുകളുടേത് തീർന്നു. ഇനി ഉള്ളത് ലാൽ സാർ ഒഴിച്ചാൽ ബാക്കി ഉള്ളവരെല്ലാം പുതിയതായിട്ട് വരേണ്ട ആർട്ടിസ്റ്റ് ആണ്. അതുകൊണ്ട് ആ പ്രശ്നമില്ല.

ലാലേട്ടന്റേത് മാത്രമാണ് കുറച്ച് ബാലൻസ് ഉള്ളത്. ബാക്കി ഉള്ളവരുടേത് ഒകെ തീർന്നത് ആണ്. അതുകൊണ്ട് അത് പ്രശ്‌നമില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

എന്നാൽ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കുന്നതിൽ വിദേശ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് യുകെയിൽ ചിത്രീകരിക്കേണ്ട രംഗങ്ങളാണ് ഇപ്പോൾ വലിയ തടസമായി മാറിയിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.

മോഹൻലാൽ, ജീത്തു ജോസഫ് , Photo: X.com

‘പക്ഷെ യു കെയിലോക്കെ ബാലൻസ് ഷൂട്ട് ഉണ്ട്. അവിടെ പകുതി ഷൂട്ട് ഉണ്ട്. അവിടെ ഷൂട്ടിന്റെ പകുതി വെച്ച് നിർത്തേണ്ടി വന്നു നടിക്ക് പരുക്ക് പറ്റിയിട്ട്. അവിടെയൊക്കെ നാല് സീസൺ അല്ലെ. അന്ന് ഒരു ഫോറസ്റ്റിനകത്ത് ആണ് കുറേ ഷൂട്ട് ചെയ്തത്.

പകുതി ഷൂട്ട് ചെയ്ത് വച്ചിരിക്കുകയാണ്. അപ്പോൾ ഏതാണ്ട് അതെ സീസണിൽ തന്നെ പോയി ഷൂട്ട് ചെയ്യണം. അല്ലെങ്കിൽ ബാഗ്രൗണ്ട് മാച്ച് അല്ലാതെ പോകും. അല്ലെങ്കിൽ ഇത് ഫുൾ റീഷൂട്ട് ചെയ്യണം. അത് അത്യാവശ്യം നല്ല എക്സ്പെന്സിവ് പരിപാടി ആയിരുന്നു,’ അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ ഉറപ്പൊന്നും പറയാനാകില്ലെങ്കിലും സാഹചര്യം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘അപ്പോൾ അതൊക്കെ ഇങ്ങനെ ഒരു പ്രശനമായിട്ട് കിടക്കുകയാണ്. എനിക്കറിയില്ല എന്തായാലും നോക്കാം,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu joseph talk about the movie Ram

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more