സസ്പെൻസ് ത്രില്ലർ എന്ന് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ബ്രാൻഡ് കൈവശമുള്ളതിനാൽ, അദ്ദേഹത്തിന്റെ ഓരോ പുതിയ സിനിമയോടും പ്രേക്ഷകർക്ക് ഒരു മിനിമം പ്രതീക്ഷ ഉണ്ടാകാറുണ്ട്.
അതേ പ്രതീക്ഷകളോടെയാണ് ആസിഫ് അലി നായകനായ മിറാഷ് തിയേറ്ററുകളിലെത്തിയത്. അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.
മിറാഷ്, Photo: IMDb
എന്നാൽ റിലീസിന് ശേഷം മിറാഷിന് പ്രതീക്ഷിച്ച പ്രതികരണം നേടാൻ സാധിക്കാതെ പോയിരുന്നു. ചിത്രത്തിന് ലഭിച്ച വിമർശനങ്ങളെക്കുറിച്ചും സംഭവിച്ച പിഴവുകളെക്കുറിച്ചും പറയുകയാണ് ഇപ്പോൾ സംവിധായകൻ ജീത്തു ജോസഫ്.
‘മിറാഷ് ചെറിയൊരു പരീക്ഷണ സിനിമയായിരുന്നു. ഹീറോയെ അവസാനം വില്ലനാക്കി മാറ്റുന്ന ആശയമാണ് പ്രധാന പരീക്ഷണം. എന്നാൽ അതിനുള്ളിൽ ഞങ്ങളുടെ കാൽകുലേഷൻ തെറ്റിപ്പോയി. ആളുകൾ പറഞ്ഞത് ഇത് ഒരുപാട് ട്വിസ്റ്റുകളുള്ള സിനിമയാണെന്നായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ഉദ്ദേശിച്ചത് ഒരു ‘മിറാഷ് എഫക്റ്റ്’ കൊണ്ടുവരാനായിരുന്നു. അവസാന ഭാഗം മാത്രമാണ് ശരിക്കും ട്വിസ്റ്റ്.
മിറാഷ്, Photo: IMDb
ഓരോ കഥാപാത്രത്തിലേക്കും കഥ നീങ്ങുമ്പോൾ അവരുടെ സ്വഭാവം മാറുന്നതാണ് ‘മിറാഷ്’ എന്ന പേര് നല്കാൻ തന്നെ കാരണം. പക്ഷേ പ്രേക്ഷകർ എല്ലാം ട്വിസ്റ്റുകളായി കണ്ടു. അതിൽ പ്രേക്ഷകരുടെ തെറ്റില്ല, എന്റെ കാൽകുലേഷനാണ് തെറ്റിയത്. ഞാൻ ട്വിസ്റ്റുകൾ ചെയ്യുന്ന ഒരാളായതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.
ഇതിന് മുമ്പ് ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിനും സമാന അനുഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജീത്തു ജോസഫിന്റെ പുതിയ ചിത്രം വലതു വശത്തെ കള്ളൻ റിലീസിനൊരുങ്ങുകയാണ്. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനാണ് നലകിയത്. ജനുവരി 30 ന് പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.
Content Highlight: Jeethu Joseph talk about the movie Mirage