| Wednesday, 27th May 2026, 10:38 am

അമിത സമ്മർദമില്ലാതെയാണ് ദൃശ്യം മൂന്നുഭാഗങ്ങളും ഒരുക്കിയത്; തുടർച്ച ഒരുക്കുക എളുപ്പമായിരുന്നു: ജീത്തു ജോസഫ്

നന്ദന എം.സി

സംവിധായകരിൽ മലയാള സിനിമയ്ക്ക് ഇന്ന് ഒരു ബ്രാൻഡായി മാറിയ പേരാണ് ജീത്തു ജോസഫ്. ‘ദൃശ്യം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയിൽ തന്റെ മികവ് തെളിയിച്ച സംവിധായകനാണ് അദ്ദേഹം.

സസ്പെൻസ് ത്രില്ലർ സിനിമകളെ പുതിയ ഉയരത്തിലേക്ക് എത്തിച്ച ജീത്തു ജോസഫ് ഇപ്പോഴിതാ ‘ദൃശ്യം’ സിനിമയുടെ തുടർച്ചകളെ കുറിച്ചും തിരക്കഥ രചനാ രീതിയെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ്.

മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ‘ദൃശ്യം’ പരമ്പരയുടെ രൂപീകരണത്തെക്കുറിച്ച് ജീത്തു ജോസഫ് മനസുതുറന്നത്‌. പുതിയൊരു കഥ സൃഷ്ടിക്കുന്നതിനെക്കാൾ ‘ദൃശ്യം’ സിനിമയുടെ തുടർച്ച ഒരുക്കുന്നത് താരതമ്യേന എളുപ്പമായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്.

മോഹൻലാൽ, ജീത്തു ജോസഫ് , Photo: Jeethu joseph / Facepook

‘പുതിയൊരു കഥ എഴുതുന്നതിനെക്കാൾ എളുപ്പമായിരുന്നു എനിക്ക് ‘ദൃശ്യ’ത്തിന്റെ തുടർച്ച ഒരുക്കുകയെന്നത്. കഥാപാത്രങ്ങളും അവരുടെ വൈകാരിക പരിസരവും പ്രേക്ഷകർക്ക് പരിചിതമാണ്.

ജോർജുകുട്ടിയും കുടുംബവും കടന്നുപോയ വഴികൾ ആളുകൾക്കറിയാം. അവിടെ നിന്ന് മുന്നോട്ട് പോകുക എന്നത് താരതമ്യേന എളുപ്പമാണ്,’ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

പുതിയ സിനിമകൾ എഴുതുമ്പോൾ കഥാപാത്രങ്ങളെയും അവരുടെ സാഹചര്യങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ടിവരുന്നതാണ് വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയൊരു കഥ അവതരിപ്പിക്കുമ്പോഴെല്ലാം കഥാപാത്രങ്ങളെയും ചുറ്റുപാടുകളെയും പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങേണ്ടിവരും,’ എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

‘ദൃശ്യം’ മൂന്ന് ഭാഗങ്ങളും അമിത സമ്മർദങ്ങളില്ലാതെയാണ് ഒരുക്കിയതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. സിനിമയുടെ തുടർച്ചയെ കുറിച്ച് നിരവധി ആളുകൾ മെയിലുകൾ അയച്ചിരുന്നുവെങ്കിലും അവ ഒന്നും തുറന്ന് നോക്കാതെ ഡിലീറ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കഥയുടെ തുടർച്ച സൂചിപ്പിച്ചുകൊണ്ട് പലരും മെയിലുകൾ അയച്ചിട്ടുണ്ട്. അവയൊന്നും തുറന്ന് നോക്കാതെ ഡിലീറ്റ് ചെയ്യുകയായിരുന്നു. കഥയുടെ ഏതാണ്ടൊരു രൂപം മനസിൽ ഒരുങ്ങിയപ്പോൾ എഴുതിത്തുടങ്ങി,’ എന്നാണ് ജീത്തു ജോസഫിന്റെ വാക്കുകൾ.

ദൃശ്യം3, Photo: IMDb

തിരക്കഥ പൂർണമായി തയ്യാറാക്കിയ ശേഷമാണ് ചിത്രീകരണത്തിലേക്ക് കടക്കാറുള്ളതെന്നും സംവിധായകൻ അഭിമുഖത്തിൽ വ്യക്തമാക്കി.

‘തിരക്കഥ പൂർത്തിയാക്കി ചിത്രീകരണം തുടങ്ങുന്നതാണ് എന്റെ രീതി. ആദ്യ സിനിമയായ ‘ഡിറ്റക്ടീവ്’ മുതൽ ‘ദൃശ്യം 3’ വരെ അങ്ങനെയായിരുന്നു,’എന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ നായകനായെത്തിയ ‘ദൃശ്യം 3’യിൽ മീന, അൻസിബ, എസ്തർ അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുടുംബബന്ധങ്ങളും സസ്പെൻസും ഒരുമിച്ചുചേർന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. പ്രേക്ഷക പിന്തുണയോടെ ചിത്രം വൻ വിജയത്തിലേക്ക് മുന്നേറുകയാണ്.

Content Highlight: Jeethu joseph talk about the movie Drishyam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more