മലയാള സിനിമയിലെ ഏറ്റവും വിജയകരമായ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നാണ് ദൃശ്യം. മോഹൻലാൽ ജോർജ്‌കുട്ടിയായി എത്തിയ ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.
ഏറെ പ്രതീക്ഷകൾക്കൊടുവിൽ പുറത്തിറങ്ങിയ മൂന്നാം ഭാഗവും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ, ദൃശ്യം 1 പ്രേക്ഷകർ ഇത്രയേറെ ഏറ്റെടുത്തതിന്റെ കാരണവും തുടർഭാഗങ്ങൾ നേരിട്ട വെല്ലുവിളികളും തുറന്നുപറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ദൃശ്യം2, Photo: X.com
ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ദൃശ്യം എഴുതുമ്പോൾ ചിത്രം ഇത്ര വലിയ വിജയമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജീത്തു പറയുന്നു. എന്നാൽ ഒരു നല്ല സിനിമയാണ് താൻ ഒരുക്കിയിരിക്കുന്നതെന്ന ആത്മവിശ്വാസം തുടക്കം മുതൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ദൃശ്യം എഴുതിയപ്പോൾ ഇത് ഇത്രയും വലിയ രീതിയിൽ ഓടുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷേ, ഇത് ഒരു നല്ല സിനിമയാണ് എന്ന വിശ്വാസമുണ്ടായിരുന്നു. വലിയ ബജറ്റില്ലാത്ത ഒരു മോഹൻലാൽ ചിത്രം എന്ന നിലയിൽ നിർമാതാവായ ആന്റണി പെരുമ്പാവൂരിന് നഷ്ടമുണ്ടാകില്ലെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചിത്രം പുറത്തിറക്കിയത്,’ ജീത്തു പറഞ്ഞു.
ദൃശ്യം 1 പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ പ്രധാന കാരണം ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ പുതുമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആദ്യ ഭാഗത്തിൽ പ്രേക്ഷകർ ആദ്യമായാണ് ജോർജ്‌കുട്ടിയെ കാണുന്നത്.
അദ്ദേഹത്തിന്റെ കുടുംബവും പ്രശ്നങ്ങളും എല്ലാം അവർക്കൊരു പുതിയ അനുഭവമായിരുന്നു. ക്ലൈമാക്സിൽ ജോർജ്‌കുട്ടിയുടെ ബുദ്ധിയും നീക്കങ്ങളും കാണുമ്പോഴാണ് അദ്ദേഹം യഥാർത്ഥത്തിൽ ആരാണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്. ആ സർപ്രൈസ് ഘടകമാണ് ചിത്രത്തെ വേറിട്ടതാക്കിയത്,’ അദ്ദേഹം പറഞ്ഞു.
ദൃശ്യം2, Photo: X.com
എന്നാൽ രണ്ടാം ഭാഗത്തേക്കും മൂന്നാം ഭാഗത്തേക്കും എത്തുമ്പോൾ സ്ഥിതി മാറിയെന്നും ജീത്തു വിശദീകരിച്ചു. ‘ജോർജ്‌കുട്ടി എങ്ങനെയുള്ള ആളാണെന്ന് അറിഞ്ഞ ശേഷമാണ് പ്രേക്ഷകർ പിന്നീട് സിനിമ കാണാൻ എത്തുന്നത്. അതുകൊണ്ട് തന്നെ ‘ഇപ്പോൾ ജോർജ്‌കുട്ടി എന്ത് ചെയ്യും’ എന്ന പ്രതീക്ഷ അവർക്കുണ്ടാകും. ആദ്യ ഭാഗത്തിലെ പോലെ ഒരു പുതുമ പിന്നീട് സൃഷ്ടിക്കുക എളുപ്പമല്ല,’ അദ്ദേഹം പറഞ്ഞു.
മൂന്നാം ഭാഗത്തെ വിമർശനങ്ങളെക്കുറിച്ചും ജീത്തു പ്രതികരിച്ചു. ‘സിനിമയെ തുറന്ന മനസോടെ കാണുന്നവർക്ക് അത് ആസ്വദിക്കാൻ സാധിക്കും. എന്നാൽ ചിലർ കുറ്റം കണ്ടെത്താനായി മാത്രം സിനിമ കാണാറുണ്ട്. അത് അവരുടെ സമീപനമാണ്. ഞാൻ ചിലരോട് അഭിപ്രായം ചോദിച്ചപ്പോൾ, ഒന്നിലും രണ്ടിലും ജോർജ്‌കുട്ടി നടത്തിയ ശക്തമായ ‘കളി’ മൂന്നാം ഭാഗത്തിൽ ഇല്ലെന്നാണ് അവർ പറഞ്ഞത്,’ ജീത്തു ജോസഫ് വ്യക്തമാക്കി.
Content Highlight: Jeethu joseph talk about the movie Drishyam