മലയാളായി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3.
ആദ്യ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായതോടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകളും ദിനംപ്രതി ഉയരുകയാണ്. ഇനി എന്തൊക്കെ വെല്ലുവിളികളാണ് ജോർജ് കുട്ടിയും കുടുംബവും നേരിടുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ദൃശ്യം ഒന്നാം ഭാഗത്തിനെയും രണ്ടാം ഭാഗത്തിനെയും സബന്ധിച്ച് മൂന്നാം ഭാഗം പൂർണമായും ജോർജ് കുട്ടിയുടെ ഇമോഷനിലൂടെയാണ് മുന്നോട്ട് പോകുകയെന്ന് ജീത്തു മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ജോർജ് കുട്ടി എന്ന കഥാപാത്രവുമായി തനിക്കുള്ള സാമ്യതയെ കുറിച്ചതും സംസാരിക്കുകയാണ് അദ്ദേഹം.
ദൃശ്യം3, Photo: Mohanlal/ Facebook
‘ജോർജ് കുട്ടിക്കും എനിക്കും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കൊച്ചുകുടുംബമാണ്. പിന്നെ ഞങ്ങൾ രണ്ടുപേരും നന്നായി അധ്വാനിച്ച് ജീവിക്കുന്നവരാണ്.
പിന്നെ ജോർജുകുട്ടി അത്യാവശ്യം പിശുക്കനാണ്. വീട്ടിൽ ഒരു ഫാനോ ലൈറ്റോ അനാവശ്യമായി ഓണായിരുന്നാൽ പോലും ദേഷ്യം വരുന്നവനാണ്. ഞാൻ അങ്ങനെ പിശുക്കനൊന്നുമല്ലെന്നു തന്നെയല്ലേ നിങ്ങൾക്ക് തോന്നുന്നത്. എന്റെ ഇച്ചാച്ചനും ജോർജു കുട്ടിയുമായി ചില സാമ്യങ്ങൾ ഉണ്ട്.
ഇച്ചാച്ചനു രണ്ടു കാറുകൾ ഉണ്ടായിരുന്നു. അതു വീട്ടിൽ ഇട്ടിട്ട് ഇച്ചാച്ചൻ ബസിൽ യാത്ര ചെയ്യും. ഷെഡിൽ കിടക്കുന്ന കാറിന് എന്തിനാണു പെട്രോൾ എന്ന ഡയലോഗ് ഒരുപാട് തവണ ഞാൻ കേട്ടിട്ടുള്ളതാണ്. വീട്ടിൽ ഫാനും ലൈറ്റുമൊന്നും അനാവശ്യമായി ഇടാനൊന്നും ഇച്ചാച്ചൻ സമ്മതിക്കില്ല.
ദൃശ്യം, Photo: IMDb
ദൃശ്യം മൂന്നിൽ ജോർജുകുട്ടിയുടെ കാർ മാറ്റി പുതിയതാക്കുന്ന കാര്യം പോലും എനിക്ക് പലവട്ടം ആലോചിക്കേണ്ടി വന്നു. റാണി പല പ്രാവശ്യം ചോദിക്കുന്നുണ്ട് ഈ വീടൊന്നു പുതുക്കി പണിയരുതോ എന്ന്. ദൃശ്യം മൂന്നിലും റാണി ഇതേ ചോദ്യം ആവർത്തിക്കുന്നുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.
ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കുടുംബബന്ധങ്ങളും അന്വേഷണവും സസ്പെൻസും ചേർന്ന മറ്റൊരു ശക്തമായ ത്രില്ലറിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുക.
Content Highlight: Jeethu Joseph talk about the movie Drishyam 3