മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 3′. മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി എത്തുമ്പോൾ കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം ഇത്തവണ എന്ത് തന്ത്രങ്ങളാകും പ്രയോഗിക്കുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ.
റിലീസിന് പിന്നാലെ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ചെങ്കിലും സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യപകുതിയെക്കുറിച്ചും പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും ജീത്തു ജോസഫ് പങ്കുവെച്ച അഭിപ്രായങ്ങളാണ് ശ്രദ്ധ നേടുന്നത്.
ദൃശ്യം 3, Photo: IMDb
റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഈ വിഷയത്തിൽ സംസാരിച്ചത്. ചിത്രത്തിന്റെ ആദ്യപകുതി ലാഗാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, അതേ ഭാഗമാണ് ഏറ്റവും ഇഷ്ടമായതെന്ന് മറ്റുചിലർ പറഞ്ഞതായി ജീത്തു വെളിപ്പെടുത്തി.
‘ദൃശ്യം 3യുടെ ഫസ്റ്റ് ഹാഫ് ലാഗ് ആണെന്ന് പറഞ്ഞ കുറേ പേരുണ്ട്. അതാണ് ഓഡിയൻസിന്റെ വ്യത്യാസം. എന്നെ പലരും വിളിച്ച് പറഞ്ഞത്, ‘ദൃശ്യം’ ഒന്നിന്റെയും രണ്ടിന്റെയും ആദ്യപകുതിയേക്കാൾ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഹാഫാണ് തങ്ങൾക്ക് കൂടുതൽ ഇഷ്ടമായതെന്ന് ആണ്. അത് വളരെ രസകരമായിരുന്നു എന്നാണ് അവർ പറഞ്ഞത്,’ ജീത്തു വ്യക്തമാക്കി.
ഈ അഭിപ്രായം പങ്കുവെച്ചവരിൽ ഭൂരിഭാഗവും കുടുംബപ്രേക്ഷകരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളും ആ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ജീത്തു കൂട്ടിച്ചേർത്തു. കുടുംബബന്ധങ്ങളും കഥാപാത്രങ്ങൾ തമ്മിലുള്ള ഇടപെടലുകളും കാണാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകർ ഉണ്ടെന്നും അതുകൊണ്ടാണ് അവർക്ക് ആദ്യപകുതി കൂടുതൽ ആസ്വദിക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദൃശ്യം , Photo: IMDb
അതേസമയം, സസ്പെൻസിനും ത്രില്ലിനും കൂടുതൽ പ്രാധാന്യം നൽകുന്ന മറ്റൊരു വിഭാഗം പ്രേക്ഷകരും ഉണ്ടെന്ന് ജീത്തു ചൂണ്ടിക്കാട്ടി. കഥയിലെ പ്രധാന പ്രശ്നം എപ്പോൾ വരും, അതിന്റെ രഹസ്യം എന്താണ് എന്നറിയാൻ കാത്തിരിക്കുന്നവർക്ക് ആദ്യപകുതി ലാഗാണെന്ന തോന്നാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
‘പ്രശ്നം എപ്പോൾ വരും, സസ്പെൻസ് എന്താണ് എന്നറിയാൻ കാത്തിരിക്കുന്നവർക്ക് ഇത് ലാഗായി തോന്നും. പക്ഷേ ആ കുടുംബാന്തരീക്ഷം കെട്ടിപ്പടുക്കാതെ പ്രേക്ഷകരെ കഥയിലേക്ക് ആഴത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല. കഥാപാത്രങ്ങളുമായി അവർക്ക് ഒരു ബന്ധം ഉണ്ടാകണമെങ്കിൽ അത്തരം മുഹൂർത്തങ്ങൾ ആവശ്യമാണ്,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
Content Highlight: Jeethu joseph talk about the movie Drishyam 3