| Sunday, 24th May 2026, 1:57 pm

ലാലേട്ടൻ ലോജിക്കിന്റെ ആളാണ്; കഥ നല്ലതാണെങ്കിലും സ്ക്രിപ്റ്റ് വരുമ്പോൾ ചിലപ്പോൾ പാളി പോകാം: ജീത്തു ജോസഫ്

നന്ദന എം.സി

മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പിറന്ന ദൃശ്യം.

ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായി മാറിയതിന് പിന്നാലെ പുറത്തിറങ്ങിയ മൂന്നാം ഭാഗവും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.

ഇപ്പോഴിതാ മോഹൻലാൽ സ്ക്രിപ്റ്റുകളിലെ ലോജിക്കുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന ആളാണെന്നും ദൃശ്യം 2 തിരക്കഥ വായിച്ച ശേഷം ചില സംശയങ്ങൾ ചോദിച്ചിരുന്നുവെന്നും തുറന്നു പറയുകയാണ് ജീത്തു ജോസഫ്.

ദൃശ്യം 3, Photo: Mohanlal/ Facebook

‘കഥ നല്ലത് ആയതുകൊണ്ട് സ്ക്രിപ്റ്റ് വരുമ്പോൾ നന്നാവണം എന്നില്ല. സ്ക്രിപ്റ്റ് വരുമ്പോൾ പാളി പോകാം. അതുകൊണ്ടാണ് എല്ലാ ആർട്ടിസ്റ്റും സ്ക്രിപ്റ്റ് വായിക്കണം എന്ന് പറയുന്നത്.

കാരണം പറയുന്ന കഥപോലെ പോകണമെന്നില്ല ചിലപ്പോൾ. അതുകൊണ്ട് ദൃശ്യത്തിന്റേത് വായിച്ചു റാമിന്റേത് വായിച്ചു,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

സാധാരണയായി താൻ സ്ക്രിപ്റ്റ് നേരിട്ട് ഇരുന്ന് വായിക്കുന്ന രീതിയാണുള്ളതെന്നും എന്നാൽ ദൃശ്യം 2യുടെ സമയത്ത് കൊവിഡ് സാഹചര്യമായതിനാൽ അത് സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സ്ക്രിപ്റ്റ് സാധാരണ ഞാൻ ഇരുന്ന് റീഡ് ചെയ്യുകയാണ് ചെയ്യാറുള്ളത്. എനിക്ക് വായിക്കാൻ ഭയങ്കര മടിയുമാണ്. ദൃശ്യം 2 ആണെങ്കിൽ കൊറോണ സമയവുമായിരുന്നു. എനിക്ക് ആരെങ്കിലും സ്ക്രിപ്റ്റ് കൊണ്ടുതരുമ്പോൾ ഞാൻ പറയും ഞാൻ വായിച്ചോളാം എന്ന്.

മോഹൻലാൽ, ജീത്തു ജോസഫ് , Mohanlal/ Facebook

കാരണം ആരെങ്കിലും വായിച്ചു തരുമ്പോൾ എന്റെ ശ്രദ്ധ മാറും. എനിക്കെന്തോ അതിനൊരു കഴിവില്ല,’ എന്നാണ് സംവിധായകൻ പറഞ്ഞത്.

അതേസമയം ദൃശ്യം 2 സ്ക്രിപ്റ്റ് മോഹൻലാലിന് അയച്ചു നൽകിയ ശേഷമുള്ള അനുഭവവും ജീത്തു ജോസഫ് പങ്കുവെച്ചു. ‘കൊറോണ ആയതുകൊണ്ട് ലാലേട്ടൻ പറഞ്ഞു സ്ക്രിപ്റ്റ് അയച്ചു കൊടുക്കാൻ.

അങ്ങനെ ഞാൻ അത് അയച്ചു കൊടുത്തു. വായിച്ചിട്ട് ലാലേട്ടൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, ‘മോനെ സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്. പക്ഷെ എനിക്ക് ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ടെന്ന്’ എന്ന് ലാലേട്ടൻ ഈ ലോജിക്കിന്റെ ആളാണ്. ഭയങ്കരമായിട്ട് ലോജിക്ക് നോക്കും പ്രത്യേകിച്ച് ഇങ്ങനത്തെ സിനിമകൾ വരുമ്പോൾ,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

മോഹൻലാൽ ചോദിച്ച സംശയങ്ങൾക്ക് താൻ വിശദീകരണം നൽകിയെന്നും പിന്നീട് അതേ കാര്യങ്ങൾ തന്നെയാണ് പ്രേക്ഷകരും ചർച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Jeethu joseph talk about Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more