| Tuesday, 9th June 2026, 11:18 am

'ഓ ഇതെന്ത്' എന്ന് തോന്നും ലാൽ സാറിന്റെ അഭിനയം കാണുമ്പോൾ, പക്ഷെ അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം: ജീത്തു ജോസഫ്

നന്ദന എം.സി

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. പതിറ്റാണ്ടുകളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ നിരയിൽ ഇടം നേടിയിട്ടുണ്ട്.

അഭിനയത്തിലെ സ്വാഭാവികതയും സൂക്ഷ്മതയും കൊണ്ടാണ് മോഹൻലാൽ ഇന്ന് നിരവധി സംവിധായകരുടെയും സിനിമാപ്രേമികളുടെയും പ്രിയതാരമായി മാറിയത്.

മോഹൻലാൽ, Photo: X.com

ഇപ്പോഴിതാ മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ പ്രകടനത്തിലെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ സട്ടിലായ അഭിനയശൈലിയാണെന്നാണ് ജീത്തു പറയുന്നത്.

‘ഏതൊരു നടനും നന്നായിട്ട് അഭിനയിച്ചു എന്ന് നമുക്ക് തോന്നുന്നത് ആ കഥാപാത്രത്തിന്റെ പ്രശ്നങ്ങളും വികാരങ്ങളും എല്ലാം നമുക്ക് ഫീൽ ചെയ്യുമ്പോഴാണ്. അത് അദ്ദേഹം നന്നായിട്ട് പെർഫോം ചെയ്തിട്ടുണ്ട്.

ഇതിനകത്ത് ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ, ലാലേട്ടൻ ചെയ്യുന്ന ആ സീക്വൻസുകൾ നമുക്ക് കാണുമ്പോൾ വളരെ എളുപ്പമാണെന്ന് തോന്നും. ഉദാഹരണത്തിന് ഞാൻ വേറൊരു കാര്യം പറയാം. ‘നേര്’ എന്ന് പറയുന്ന സിനിമ കണ്ടിട്ട് കുറെ ആൾക്കാർ ചോദിക്കുന്നുണ്ട് ഇതൊരു നോർമൽ ക്യാരക്ടർ അല്ലേ എന്ന്. യഥാർത്ഥത്തിൽ ആ ഒരു സട്ടിലിറ്റി അഭിനയിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്.

പൊട്ടിക്കരഞ്ഞുകൊണ്ടോ ഭയങ്കരമായി ആക്രോശിച്ചോ അടിയും ബഹളവുമൊക്കെയായി ഒരു സ്ഫോടനാത്മകമായ രീതിയിലുള്ള ക്യാരക്ടറൈസേഷൻ കുറച്ചുകൂടി ചെയ്യാൻ എളുപ്പമാണ്. ശരീര ചലനങ്ങളും, ഫേഷ്യൽ എക്സ്പ്രഷനും, ശബ്ദ ക്രമീകരണങ്ങളും എല്ലാം വെച്ചിട്ട് അത് ചെയ്യാൻ സാധിക്കും.

മോഹൻലാൽ, ജീത്തു ജോസഫ്, Photo: X.com

പക്ഷെ വളരെ സട്ടിലായിട്ട് നമ്മുടെ മനസിലുള്ള വികാരങ്ങൾ പുറത്തു കാണിക്കുന്ന ചെറിയ റിയാക്ഷൻസ് ഉണ്ടല്ലോ, അതാണ് ഏറ്റവും ബുദ്ധിമുട്ട്,’ അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്റെ അഭിനയത്തിന്റെ കരുത്ത് ഇത്തരം ചെറിയ ഭാവപ്രകടനങ്ങളിലാണെന്നും ജീത്തു കൂട്ടിച്ചേർത്തു. പ്രേക്ഷകർക്ക് അത് വളരെ സ്വാഭാവികമായും എളുപ്പമായും തോന്നുമെങ്കിലും യഥാർത്ഥത്തിൽ അതിന് പിന്നിൽ വലിയ അഭിനയമികവുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

‘അതാണ് ലാൽ സാറിന്റെ പ്രത്യേകതയും. അത് കാണുമ്പോൾ ‘ഓ ഇതെന്ത്’ എന്ന് ചിലപ്പോൾ തോന്നും, പക്ഷെ അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവിടെയാണ് മോഹൻലാൽ എന്ന് പറയുന്ന നടൻ വേറൊരു ലെവലിലേക്ക് വരുന്നത്,’ ജീത്തു പറഞ്ഞു.

മോഹൻലാലിനൊപ്പമുള്ള നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കൂട്ടുകെട്ട് സൃഷ്ടിച്ച ജീത്തു ജോസഫിന്റെ ഈ വാക്കുകൾ ആരാധകരും സിനിമാപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്.

Content Highlight: Jeethu joseph talk about Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more