| Thursday, 11th June 2026, 10:05 am

ഈ റിയാക്ഷന്‍ എനിക്ക് വീണ്ടും തരാന്‍ പറ്റില്ലെന്ന് ലാല്‍ സാര്‍ പറഞ്ഞു, ഓരോ പടത്തിലും നാല് ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്: ജീത്തു ജോസഫ്

അമര്‍നാഥ് എം.

ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് എന്നിവരുടേത്. ദൃശ്യത്തിലൂടെ ആരംഭിച്ച ഈ കോമ്പോ ഇപ്പോള്‍ ദൃശ്യം 3യില്‍ എത്തിനില്‍ക്കുകയാണ്. ദൃശ്യം ഫ്രാഞ്ചൈസിക്ക് പുറമെ ഇരുവരും ഒന്നിച്ച 12th മാന്‍, നേര് എന്നീ ചിത്രങ്ങളും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ട് താന്‍ എപ്പോഴും ആസ്വദിക്കാറുണ്ടെന്നും വളരെ എന്‍ജോയ് ചെയ്യുന്ന പ്രോസസ്സാണ് അതെന്നും ജീത്തു ജോസഫ് പറയുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം മുതല്‍ ഈയൊരു രീതിയാണെന്നും ക്രൂവിലെ എല്ലാവരും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കാണാന്‍ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ചെറിയ റിയാക്ഷനും ലഭിക്കാനായി നാല് ക്യാമറകള്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും ഒരും ആംഗിള്‍ പോലും നഷ്ടപ്പെടുത്താന്‍ ശ്രമിക്കാറില്ലെന്നും ജീത്തു ജോസഫ് പറയുന്നു. ദൃശ്യം ഷൂട്ട് ചെയ്യുന്ന സമയത്ത് പല റിയാക്ഷനുകളും ലഭിച്ചത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

ദൃശ്യം 1ല്‍ ജോര്‍ജുകുട്ടിയും കുടുംബവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സീനില്‍ ലാല്‍ സാര്‍ വളരെ മൈന്യൂട്ടായ റിയാക്ഷനൊക്കെ ഇടാറുണ്ട്. അതെല്ലാം ക്യാപ്ചര്‍ ചെയ്യാന്‍ വേണ്ടിയാണ് നാല് ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത്. ആ ചെറിയ മുറിക്കകത്ത് നിന്നുതിരിയാനുള്ള സ്ഥലമില്ല. അതിന്റെ ഇടയില്‍ എല്ലാവരും കയറി വന്നപ്പോള്‍ ഒട്ടും സ്ഥലമില്ലാതായി.

കുറെപ്പേരെ പുറത്തേക്ക് പറഞ്ഞുവിട്ടിട്ടാണ് ഷൂട്ട് ചെയ്തത്. മൂന്നുനാല് പേജുള്ള സീനായിരുന്നു അത്. ഷൂട്ട് ചെയ്ത ശേഷം ലാല്‍ സാര്‍ മോണിറ്ററില്‍ നോക്കി. ഓരോ ക്യാമറാ ആംഗിളും ശ്രദ്ധിച്ച് നോക്കിയിരുന്നു. അതില്‍ ഒരു റിയാക്ഷന്‍ കൃത്യമായി കിട്ടിയപ്പോള്‍ ‘ഇത് എടുത്തത് നന്നായി. രണ്ടാമത് എടുക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പെട്ടുപോയെനെ’ എന്ന് ലാല്‍ സാര്‍ പറഞ്ഞു. ഇത്രയും ക്യാമറ ഉപയോഗിച്ചതിന്റെ ഗുണമാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യത്തിന് ശേഷം തങ്ങള്‍ ഒന്നിച്ച 12th മാനിലും നേരിലും സതീഷ് കുറുപ്പായിരുന്നു ക്യാമറമാനെന്ന് സംവിധായകന്‍ പറയുന്നു. നാല് ക്യാമറ വെച്ച് ഷൂട്ട് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും അയാള്‍ അതുപോലെ ചെയ്‌തെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. നേരിലെ പല സീനിലും മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ജീത്തു പറഞ്ഞു.

Content Highlight: Jeethu Joseph shares the shooting process he following in Drishyam Franchise

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more