മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് ‘ദൃശ്യം’. മലയാളി പ്രേക്ഷകർക്ക് അവിസ്മരണീയമായ ഒരു ക്ലാസിക് സിനിമാ അനുഭവം സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ‘ജോർജുകുട്ടി’ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന നടനിലൂടെ വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റിയത്.
‘ദൃശ്യം 3’ തിയേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും പങ്കുവെക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമ മികച്ച അഭിപ്രായങ്ങൾ നേടി കുതിക്കുമ്പോഴും, ഒരു വശത്ത് മൂന്നാം ഭാഗം ഉൾക്കൊള്ളാനാവാത്തവരും ‘ദൃശ്യം 3’ തന്നെ വേണ്ടിയിരുന്നില്ല എന്ന് പറയുന്നവരും ഉണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യം 3.Photo: The Hindu
‘ദൃശ്യം 3-യുടെ റീമേക്ക് ഹിന്ദിയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റു ഭാഷകളിലെ സംവിധായകർക്ക് ദൃശ്യം 3-യുടെ ക്ലൈമാക്സ് അത്ര കണ്ട് തൃപ്തികരമായി തോന്നിയില്ല. ഹിന്ദിയിലെ നായക സങ്കൽപ്പം ഇങ്ങനെയല്ല എന്നാണ് അവർ പറയുന്നത്. കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കോട്ടെ എന്ന് അവർ ചോദിച്ചിട്ടുണ്ട്. സിനിമയുടെ റീമേക്ക് അവകാശം വാങ്ങിക്കഴിഞ്ഞാൽ അവരുടെ താല്പര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ അവർക്ക് അവകാശമുണ്ട്. എങ്കിലും മര്യാദയുടെ പുറത്താണ് അവർ എന്നോട് അനുവാദം ചോദിച്ചത്.
ഹിന്ദിയിൽ ക്ലൈമാക്സിൽ മാറ്റം വരുത്തി ചിത്രം ചെയ്യാൻ അവർ തീരുമാനിച്ചെങ്കിലും, തെലുങ്ക് ഉൾപ്പെടെയുള്ള മറ്റു ഭാഷകളിൽ മൂന്നാം ഭാഗം ചെയ്യുന്നില്ല. അവർക്ക് ഈ ക്ലൈമാക്സ് അത്ര ഓക്കെയായില്ല, അതുകൊണ്ട് തന്നെ അവർ ഇതുവരെ റീമേക്ക് അവകാശത്തിനായി ആവശ്യപ്പെട്ടിട്ടുമില്ല.’ ജീത്തു ജോസഫ് പറയുന്നു.
ദൃശ്യം 3.Photo:Reddit
ദൃശ്യത്തിന്റെ ആദ്യ ഭാഗം ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, സിംഹള (ശ്രീലങ്ക), ചൈനീസ്, ഇന്തോനേഷ്യൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്കും; രണ്ടാം ഭാഗം ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇതുകൂടാതെ കൊറിയൻ, സ്പാനിഷ് ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്യാനുള്ള അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Content Highlight: Jeethu Joseph says Drishyam 3 will only be in Hindi as others didn’t like the climax